ലഹരിക്കെതിരെ ജനകീയ കവചവുമായി ഡി.വൈ.എഫ്.ഐ

Monday 29 August 2022 12:00 AM IST

കോഴിക്കോട്: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയകൾക്കും എതിരെ പോരാട്ടവുമായി ഡി.വൈ.എഫ്.ഐ. സെപ്തംബർ ഒന്നു മുതൽ 20 വരെ 2500 കേന്ദ്രങ്ങളിൽ ജനകീയ സദസുകൾ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജും പ്രസിഡന്റ് വി. വസീഫും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാമ്പയിന് സ്‌കൂൾ പി.ടി.എ, അദ്ധ്യാപകർ, പൊതുപ്രവർത്തകർ, വായനശാല, ക്ലബ് ഭാരവാഹികൾ,​ ഭരണ രംഗത്തുള്ളവർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. സെപ്തംബർ 18ന് 25,000 കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഇത്തരം സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ 2500 സ്‌ക്വാഡുകൾ രൂപീകരിക്കും. പ്രചാരണത്തിന് കലാകായിക മത്സരങ്ങൾ, ഷോർട്ട് ഫിലിം മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ലഹരി മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്താൻ ജനങ്ങളെ അണിനിരത്തേണ്ടതുണ്ടെന്ന് നേതാക്കൾ പറഞ്ഞു. ട്രഷറർ എസ്. അരുൺബാബു,​ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ്, ജില്ലാസെക്രട്ടറി പി.സി. ഷൈജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement