കേരളത്തിന്റെ എയിംസ് വൈകില്ലെന്ന് പ്രതീക്ഷ: വി.മുരളീധരൻ

Monday 29 August 2022 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന രൂപീകരണത്തിന് മുൻപേ ആരംഭിച്ച സംവിധാനങ്ങളുടെ പരിണിതഫലമാണ്

ഇവിടത്തെ ആരോഗ്യ നിലവാരമെന്നും കേരളത്തിന്റെ എയിംസ് വൈകില്ലെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ത്രിദിന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് 22 എയിംസ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സാധാരണക്കാരന് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാർ നയം. രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളേജോ മെഡിക്കൽ പഠനകേന്ദ്രമോ സ്ഥാപിക്കും. എട്ട് വർഷം കൊണ്ട് 200 മെഡിക്കൽ കോളേജുകൾ കൂടി ആരംഭിക്കാനായി. കേരളം രൂപീകരിക്കുന്നതിന് അഞ്ച് വർഷം മുൻപ് ആരംഭിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിന് രാജ്യാന്തരതലത്തിൽ ശ്രദ്ധയാകർഷിക്കാനായിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സുപ്രീംകോടതി മുൻ ജസ്റ്റിസ്റ്റ് ഇന്ദുമൽഹോത്ര മുഖ്യപ്രഭാഷണം നടത്തി. മന്ത്രി ആന്റണി രാജു, ഡോ. ശശി തരൂർ എം.പി എന്നിവർ മുഖ്യാതിഥികളായി. മുൻ ആരോഗ്യ മന്ത്രിമാരായ വി.എം. സുധീരൻ, വി.സി. കബീർ, വി.എസ്. ശിവകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ജോൺ പണിക്കർ, ഡി.എം.ഇ ഡോ. തോമസ് മാത്യു, പ്രിൻസിപ്പൽ ഡോ. കലാകേശവൻ തുടങ്ങിയവർ സംസാരിച്ചു.