ഹോസ്റ്റൽ നിർമ്മാണവും ഇഴയുന്നു : എങ്ങുമെത്താതെ അലിഗഡ് സ്വപ്നങ്ങൾ

Monday 29 August 2022 12:54 AM IST
പെരിന്തൽമണ്ണയിൽ സ്ഥിതി ചെയ്യുന്ന അലിഗഡ് സർവകലാശാല

മലപ്പുറം: മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് മുതൽക്കൂട്ടാവുമെന്ന് കരുതിയിരുന്ന പെരിന്തൽമണ്ണയിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ വികസന കാഴ്ച്ചപ്പാടുകൾ സ്വപ്നം മാത്രമാവുന്നു. കേന്ദ്ര സർവകലാശാലയിലെ പഠനം സ്വപ്നം കണ്ട് കാമ്പസിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഇനിയും ഹോസ്റ്റൽ സൗകര്യം ഒരുങ്ങിയിട്ടില്ല. കഴിഞ്ഞ വർഷമാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങളുടെ പ്രവൃത്തി ആരംഭിച്ചത്. പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ 50 ശതമാനം പ്രവൃത്തികളും ആൺകുട്ടികളുടേതിന്റെ ഫില്ലർ നിർമ്മാണവുമാണ് പൂർത്തീകരിച്ചത്. ഏറെ നാളത്തെ പ്രയത്നത്തിനു ശേഷം ഹോസ്റ്റലിനായി 18 കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിട നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായാണ് പണം നൽകുക. ഫണ്ട് ലഭിക്കുന്നതിലും കാലതാമസമുണ്ട് .

വിദ്യാർത്ഥികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന മറ്റൊന്നാണ് കളിക്കാൻ യോഗ്യമായ മൈതാനം. നിലവിലുള്ള ഗ്രൗണ്ട് മതിയായ സൗകര്യങ്ങളുള്ളതല്ല. പ്രൊഫഷണലായി തന്നെ ക്രിക്കറ്റും ഫുട്ബാളും വോളിബാളുമെല്ലാം അഭ്യസിക്കാനുതകുന്ന മൈതാനമാണ് അലിഗഡിനാവശ്യം.

വിദ്യാഭ്യാസ രംഗത്ത് ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് രണ്ടാം യു.പി.എ സർക്കാരാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മലപ്പുറത്തിന് അലിഗഡ് യൂണിവേഴ്സിറ്റി കേന്ദ്രം അനുവദിച്ചത്. അക്കാലത്ത് മലബാറിൽ തുടങ്ങിയ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുമിന്ന് വളർന്ന് പന്തലിച്ചു. പല കോളേജുകളുമിന്ന് നാക് അക്രഡിറ്റേഷനു വേണ്ടിയുള്ള മത്സരയോട്ടത്തിലാണ്.

മുരടിച്ച സ്വപ്നം

  • 2011ൽ പെരിന്തൽമണ്ണയിൽ അലിഗഡ് യൂണിവേഴ്സിറ്റി കേന്ദ്രം ആരംഭിച്ചപ്പോൾ 2020 ആവുമ്പോഴേക്കും 25 ഡിപ്പാർട്മെന്റുകളും 30,000 വിദ്യാർത്ഥികളുമുള്ള വലിയ കാമ്പസായിരുന്നു സ്വപ്നം.
  • ആരംഭകാലത്ത് രണ്ട് കോഴ്സുകളും 120 വിദ്യാർത്ഥികളുമായിരുന്നു ഉണ്ടായിരുന്നത്. 2022ൽ മൂന്ന് കോഴ്സുകളും ആകെ 400 കുട്ടികളുമാണുള്ളത്.
  • ഡിഗ്രി-പി.ജി കോഴ്സുകൾ, അലിഗഡ് സ്കൂൾ, സ്പോർട്സ് ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ കോളേജ് എന്നിവയായിരുന്നു ആരംഭക്കാലത്തെ ലക്ഷ്യം.
  • ഇതെല്ലാം കാത്ത് 346 ഏക്കർ ഭൂമി കാമ്പസിന് ചുറ്റുമായി ഇപ്പോഴും വെറുതെ കിടപ്പാണ്.
  • കേന്ദ്രസർക്കാർ ആവശ്യമായ ഫണ്ട് അനുവദിച്ച് അലിഗഡിനെ വളർത്തിയാലേ തുടക്കകാലത്തെ ലക്ഷ്യം പൂർത്തീകരിക്കാനാവൂ.

നിലവിലുള്ള കോഴ്സുകൾ

എൽ.എൽ.ബി

ബി.എഡ്

എം.ബി.എ

അലിഗഡ് പ്രധാന കാമ്പസിന്റെ നേതൃത്വത്തിൽ കാമ്പസ് ഡെവലപ്മെന്റ് കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. കോഴ്സുകൾ അനുവദിക്കുന്നതും മറ്റു വികസന പ്രവർത്തനങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടതാണിത്. എന്നാൽ എത്ര കണ്ട് പ്രാവർത്തികമാവുമെന്നതിൽ വ്യക്തതയില്ല.

ഫൈസൽ

അഡ്മിനിസ്ട്രേറ്റീസ് ഓഫീസർ