നീണ്ടകര ഫിഷിംഗ് ഹാർബറിൽ പാക്കിംഗ് ഷെഡിന്റെ പണി പാതിവഴിയിൽ വെയിലും മഴയുമേറ്റ് തൊഴിലാളികൾ

Monday 29 August 2022 1:10 AM IST
നീണ്ടകര ഫിഷിങ്ങ് ഹാർബറിൽ പാതിവഴിയിൽ നിർത്തിയിരിക്കുന്ന മീൻ പ്യാക്കിങ്ങ് ഹാൾ

ചവറ : പൊരിവെയിലും മഴയും കൊണ്ട് മീൻ പാക്ക് ചെയ്യുന്ന തൊഴിലാളികളെ

നീണ്ടകര ഫിഷിംഗ് ഹാർബറിൽ ചെന്നാൽ കാണാം. ഇവർക്ക് വെയിലും മഴയുമേൽക്കാതിരിക്കാൻ ലേല ഹാളിന് സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന പാക്കിംഗ് ഷെഡിന്റെ പണി പാതിവഴിയിലാണ്. ഹാർബർ എൻജിനിയറിംഗിന്റെ ഫണ്ടുപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ട്രോളിംഗ് നിരോധനം അവസാനിക്കും മുമ്പേ ചെയ്തു തീർക്കേണ്ട വർക്കുകൾ പലതും ട്രോളിംഗ് നിരോധനം അവസാനിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മുടക്കിയിരിക്കുകയാണ്.പഴയ പാക്കിംഗ് ഷെഡിന്റെ മേൽക്കൂരകൾ നീക്കിയതിന്റെ അവശിഷ്ടങ്ങൾപോലും ഇവിടെ നിന്ന് നീക്കം ചെയ്തിട്ടില്ല.

അനാസ്ഥ അധികൃതരുടെ കൺമുൻപിൽ

ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ അസി.എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ് ശക്തികുളങ്ങരയിലും അസി.എൻജിനീയറുടെ ഓഫീസ് നീണ്ടകരയിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും അധികൃതരുടെ കൺമുൻപിൽ നടക്കുന്ന അനാസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ഹാർബറിലെ നൂറുകണക്കിന് തൊഴിലാളികൾ പൊരി വെയിലും ശക്തമായ മഴയുമേറ്റാണ് മീൻ പാക്ക് ചെയ്യുന്നത്.

ആഴ്ചകളായി മുടങ്ങി കിടക്കുന്ന പാക്കിംഗ് ഹാളിന്റെ പണി പൂർത്തിയാക്കാനും തറയിൽ ഗ്രാനൈറ്റ് പാകുന്ന പണികൾ പുനരാരംഭിക്കാനും അധികൃതർ അടിയന്തരമായ ഇടപെടണം.

മത്സ്യത്തൊഴിലാളികൾ