സിൽവർ ലൈനും ഹൈപ്പർലൂപ്പ് ട്രെയിനും 

Monday 29 August 2022 1:55 AM IST

കെ-റെയിലിന്റെ സ്വപ്നപദ്ധതിയായ 'സിൽവർ ലൈൻ ട്രെയിനിലൂടെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് തിരുവനന്തപുരത്ത് നിന്ന് കാസർകോടുവരെ നാലുമണിക്കൂർ കൊണ്ടെത്താം.

അതിന് പകരം, എന്തുകൊണ്ട് മണിക്കൂറിൽ 1000 കിലോമീറ്ററിലധികം വേഗതയാർജ്ജിക്കാൻ കഴിവുള്ള ഹൈപ്പർലൂപ്പ് ട്രെയിൻ കേരളത്തിൽ എത്തിച്ചുകൂടാ?. എയർലൈൻ വേഗതയിൽ ചരക്കുകളും യാത്രാക്കാരെയും കൊണ്ടുപോകാൻ വേണ്ടിയുള്ള പദ്ധതിയിലുൾപ്പെടുന്നതാണ് ഹൈപ്പർലൂപ്പ് ട്രെയിൻ.

യാത്രാക്കൂലി വിമാന യാത്രാ ചെലവിനേക്കാളും കുറവായിരിക്കും. കാനഡ, ഹോളണ്ട്, സ്പെയിൻ, പോളണ്ട്, അമേരിക്ക, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഈ ഹൈപ്പർ ലൂപ്പ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇറ്റലിയിലെ റോമിനും മിലാനും ഇടയ്ക്ക്, അതുപോലെ ദുബായിലും ഇത് ഉടൻ വരും.

മലിനീകരണമില്ലാതെ അതിവേഗ ട്രെയിൻ

വായു പ്രതിരോധം കുറയ്ക്കാൻ തുരങ്കത്തിലെ ശൂന്യതയിലൂടെ ഓടുന്ന ഹൈപ്പർലൂപ്പ് ട്രെയിനിന് നിരവധി ഗുണങ്ങളുണ്ട്. ഊർജ്ജക്ഷമതയ്ക്കൊപ്പം പരിസ്ഥിതി മലിനീകരണം കുറവാണ്. നിശബ്ദമായി സഞ്ചരിക്കാം. അപകടങ്ങൾ കുറവായിരിക്കും. 1904 ൽ റോബർട്ട് എച്ച് ഗോദാർഡാണ് ഹൈപ്പർലൂപ്പ് ഗതാഗതം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ശൂന്യതയിലൂടെ ഓടുന്ന തീവണ്ടികളെക്കുറിച്ച് ശാസ്ത്രനോവലുകളിൽ പലരും പ്രതിപാദിച്ചിട്ടുണ്ട്. ഹൈപ്പർലൂപ്പ് ട്രെയിൻ ചരക്ക് ഗതാഗതത്തിനായി 2030 ൽ നടപ്പിലാക്കിയിരിക്കും എന്നാണ് അമേരിക്കയിലെ എലോൺ മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭാരതത്തിന്റെ ആവിഷ്കാർ: ഐ.ഐ.ടി യുവത

മദ്രാസ് ഐ.ഐ.ടിയിലെ സെന്റർ ഫോർ ഇന്നവേഷനിലെ യുവത ലോകത്ത് ആദ്യമായി ഹൈപ്പർ ലൂപ്പ് ട്രെയിൻ ഭാരതത്തിൽ ഓടിച്ചിരിക്കും എന്ന ദൃഢനിശ്ചയത്തിലാണ്. ഭാരതത്തിന്റെ ആവിഷ്കാർ പദ്ധതിയുടെ നട്ടെല്ലാണിവർ. അവരുടെ കണ്ടുപിടിത്തം നാട്ടിൽ നടപ്പാക്കിയാൽ ചെന്നൈയിൽ നിന്ന് ബംഗളൂരുവിലെത്താൻ വെറും 30 മിനിട്ട് മതിയാകും. നിലവിൽ കാറിലോ ട്രെയിനിലോ സഞ്ചരിച്ചാൽ ആറ് മണിക്കൂർ എടുക്കുമെന്ന് ഓർക്കുക. തിരുവനന്തപുരത്തുനിന്ന് അര മണിക്കൂർ കൊണ്ട് കാസർകോടെത്താം. ഹൈപ്പർലൂപ്പ് ട്രെയിനെക്കുറിച്ച് അടുത്താഴ്ച തുടരും.

ഡോ. പ്രൊഫ. വിവേകാനന്ദൻ പി. കടവൂർ