ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടന: ഗവർണർ

Monday 29 August 2022 1:56 AM IST

കൊല്ലം: ഭാരതീയ സംസ്കാരത്തിന്റെ ആദർശങ്ങളും ആശയങ്ങളും പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സമ്പൂർണ ഭരണഘടന സാക്ഷരത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം. അടിസ്ഥാന അവകാശങ്ങൾ മനസിലാക്കുന്നതിനൊപ്പം ഉത്തരവാദിത്തങ്ങളും കൃത്യമായി പാലിക്കുമ്പോഴാണ് ഒരു വ്യക്തി ഇന്ത്യൻ പൗരനായി മാറുന്നത്.

ഭരണഘടനാ മൂല്യങ്ങളെ ബഹുമാനിക്കുന്നത് ഓരോ പൗരന്റെയും കർത്തവ്യമാണ്. എഴുതപ്പെട്ട ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ഭരണഘടനയും ഇന്ത്യയുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയായി. ഭരണഘടന സാക്ഷരത പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന മത്സര വിജയികളെ ചടങ്ങിൽ ആദരിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, പി.എസ്.സുപാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം.കെ.ഡാനിയേൽ, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.