പിണറായിക്ക് ശേഷം മന്ത്രി പദവിയിൽ നിന്ന് വരുന്ന സെക്രട്ടറി

Monday 29 August 2022 2:40 AM IST

തിരുവനന്തപുരം: പിണറായി വിജയന് ശേഷം, മന്ത്രിപദവിയിലിരിക്കെ പാർട്ടി സെക്രട്ടറി പദത്തിലേക്ക് വരുന്ന സി.പി.എം നേതാവാണ് എം.വി. ഗോവിന്ദൻ.

1998ലാണ് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേൽക്കുന്നത്. സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്നായിരുന്നു

അത്.. 1998 സെപ്റ്റംബർ ഒമ്പതിനാണ് ചടയന്റെ നിര്യാണം. സെപ്റ്റംബർ 25ന് പിണറായി സെക്രട്ടറിയായി.

കഴിഞ്ഞ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളാൽ ഒഴിഞ്ഞപ്പോഴാണ് എം.വി. ഗോവിന്ദന് ആ ചുമതല ഇപ്പോൾ ഏൽക്കേണ്ടി വരുന്നത്. കഴിഞ്ഞ മാർച്ചിലായിരുന്നു സി.പി.എം സംസ്ഥാനസമ്മേളനം. അടുത്ത സമ്മേളനകാലം വരെ ഇനിയും രണ്ടര വർഷത്തോളം സെക്രട്ടറി പദവിയിൽ കാലാവധിയുണ്ടായിരിക്കെയാണ് അദ്ദേഹം മാറുന്നത്.

സെക്രട്ടറിയായതോടെ മന്ത്രിപദവിയിൽ നിന്ന് ഗോവിന്ദൻ വൈകാതെ ഒഴിയും. ആദ്യമായല്ല പാർലമെന്ററിരംഗത്ത് തുടരുമ്പോൾ എം.വി. ഗോവിന്ദന് സംഘടനാചുമതലയിലേക്ക് മാറേണ്ടി വരുന്നത്. 2002ൽ അദ്ദേഹം എം.എൽ.എ ആയിരിക്കെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എം.എൽ.എയായി തുടർന്നുകൊണ്ട് അദ്ദേഹം പൂർണസമയ സംഘടനാചുമതലയിലേക്ക് മാറി.