ജിയോ 5ജി ദീപാവലിയോടെ എത്തും, ആദ്യം സേവനം ലഭ്യമാവുക നാല് നഗരങ്ങളിൽ

Monday 29 August 2022 3:49 PM IST

ജിയോ 5ജി സേവനങ്ങൾ പ്രഖ്യാപിച്ച് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി. വാർഷിക പൊതുയോഗത്തിലാണ് സുപ്രധാന പ്രഖ്യാപനം നടത്തിത്.

'ഫിക്സഡ് ബ്രോഡ്ബാൻഡിലെ അടുത്ത കുതിപ്പ് ഞാൻ പ്രഖ്യാപിക്കുകയാണ്, അതാണ് ജിയോ 5ജി. 100 ദശലക്ഷം വീടുകളെ ജിയോ 5ജി ഉപയോഗിച്ച് ബന്ധിപ്പിക്കും. ഇന്ത്യയിൽ 5ജി പുറത്തിറങ്ങുന്നതോടെ ഒരു വർഷത്തിനുള്ളിൽ നിലവിൽ ഇന്റർനെറ്റ് കണക്‌ട് ചെയ്‌തിട്ടുള്ള ഉപകരണങ്ങളുടെ എണ്ണം 800 ദശലക്ഷത്തിൽ നിന്ന് 1.5 ബില്യൺ ആയി ഉയരും'-അംബാനി പറഞ്ഞു.

ജിയോ 5ജി സേവനങ്ങൾ ദീപാവലിയോടെയാകും എത്തുക. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കാകും ആദ്യം സേവനം ലഭ്യമാവുക. അടുത്ത രണ്ട് മാസത്തിനുള്ളിൽ നാല് നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് അംബാനി വ്യക്തമാക്കിയത്. ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നെെ നഗരങ്ങളാണ് 5ജി സേവനം ലഭ്യമാകുന്ന നാല് നഗരങ്ങൾ.

2023 ഡിസംബറോടെ ജിയോ 5ജി സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുമെന്നും അംബാനി വ്യക്തമാക്കി. പാൻ ഇന്ത്യ 5ജി നെറ്റ്‌വർക്കിനായി ജിയോ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയതായി അംബാനി കൂട്ടിച്ചേർത്തു.