സ്റ്റേറ്റ് യൂത്ത് അത്‌ലറ്റിക്സ് : പാലക്കാടൻ കുതി​പ്പ്

Monday 29 August 2022 11:23 PM IST

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച സംസ്ഥാന യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 120 പോയിന്റുമായി പാലക്കാടൻ കുതിപ്പ്. 107.5 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 70 പോയിന്റുമായി എറണാകുളം ജില്ല മൂന്നാം സ്ഥാനത്തുമാണുള്ളത്.

പാലക്കാട് ജില്ല എട്ട് സ്വർണവും രണ്ട് വെള്ളിയും ആറ് വെങ്കലവും നേടി. കോഴിക്കോട് ജില്ല രണ്ട് സ്വർണവും 11 വെള്ളിയും 5 വെങ്കലവുമാണ് നേടിയത്. എറണാകുളത്തിന്റെ അക്കൗണ്ടിൽ അഞ്ച് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. ആദ്യ ദിനത്തിൽ ഏഴ് മീറ്റ് റെക്കാഡുകളും പിറന്നു. അണ്ടർ18 വനി​തകളുടെ 100 മീറ്ററിൽ പാലക്കാടിന്റെ എസ്.മേഘ 12.23 സെക്കൻഡി​ൽ ഒാടിയെത്തി റെക്കാഡ് കുറിച്ചു. വനിതാ ഷോട്ട്പുട്ടിൽ കാസർകോടിന്റെ അഖില രാജു 14.27 മീറ്റർ ദൂരമെറിഞ്ഞ് റെക്കാഡ് നേടി. വനിതകളുടെ തന്നെ മെഡ്ലെ റിലേയിൽ കോട്ടയം ജില്ലയാണ് റെക്കാഡ് കുറിച്ചത്. 2 മിനിറ്റ് 22 സെക്കന്റിലാണ് നിമിഷ പ്രസന്നൻ, അപർണ ബോസ്, പി.വി മേരി അലീന, സാന്ദ്ര മോൾ സാബു എന്നിവർ റിലേ ഒാടി തീർത്തത്.

പുരുഷ വിഭാഗം 100 മീറ്ററിൽ ആലപ്പുഴ ജില്ലയുടെ ആഷ്ലിൻ അലക്സാണ്ടർ 10.83 സെക്കന്റിൽ ഒാടിയെത്തി റെക്കാഡിട്ടു. പോൾവോൾട്ടിൽ എറണാകുളത്തിന്റെ ബിബിൻ സിജു 3.81 മീറ്റർ ചാടി റെക്കാഡ് നേടി. ഹാമർ ത്രോയിൽ പാലക്കാടിന്റെ എം.നിരഞ്ജനാണ് 53.16 മീറ്റർ എറിഞ്ഞ് പുതിയ ദൂരം കണ്ടത്. ജാവലിൻ ത്രോയിൽ പാലക്കാടിന്റെ മുഹമ്മദ് ഷാഹിലും 56.18 മീറ്റർ എറിഞ്ഞ് മീറ്റ് റെക്കാഡ് നേടി. മീറ്റ് ഇന്ന് അവസാനിക്കും.

Advertisement
Advertisement