എം.വി. ഗോവിന്ദന് നിയമസഭയിൽ അനുമോദനം

Tuesday 30 August 2022 12:00 AM IST

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം ഇന്നലെ നിയമസഭയിലെത്തിയ മന്ത്രി എം.വി. ഗോവിന്ദന് സഹപ്രവർത്തകരുടെ അനുമോദനം. രാവിലെ ഒമ്പതിന് ചോദ്യോത്തരവേള ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം സഭയിലെത്തിയത്. ഈസമയം സഭയിലുണ്ടായിരുന്ന അംഗങ്ങളെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു.

മുഖ്യമന്ത്രിക്ക് സമീപം രണ്ടാമതായി പതിവുപോലെ ഇരിപ്പുറപ്പിച്ച എം.വി. ഗോവിന്ദന് ഭരണകക്ഷിയിലെ നേതാക്കൾ ഹസ്തദാനം നൽകി. പിന്നാലെയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഹസ്‌തദാനം നൽകി.

എ.കെ.ജി സെന്ററിൽ യോഗമുള്ളതിനാൽ ചോദ്യോത്തര വേള അവസാനിക്കും മുമ്പ് അദ്ദേഹം സഭയിൽ നിന്ന് മടങ്ങി. എം.വി. ഗോവിന്ദൻ മടങ്ങുന്നതിനിടെ മന്ത്രി ജെ. ചിഞ്ചുറാണി ഹസ്തദാനം നൽകി. അടിയന്തര പ്രമേയ അനുമതി നിഷേധിച്ച ശേഷം സഭയിൽ നിന്നിറങ്ങിപ്പോയ പ്രതിപക്ഷ നേതാവ് മീഡിയ റൂമിലെ വാർത്താ സമ്മേളനത്തിനിടെ എം.വി. ഗോവിന്ദനെ അഭിനന്ദിച്ചു.

Advertisement
Advertisement