 ഹൈക്കോടതി ചോദിക്കുന്നു സിൽവർലൈൻ സമരക്കാരെ ഇനിയും കഷ്ടപ്പെടുത്തണൊ?

Tuesday 30 August 2022 12:00 AM IST

കൊച്ചി: സിൽവർലൈൻ വിരുദ്ധ സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ സർക്കാർ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സർവേ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിൽ സമരക്കാർ കേസിന്റെ പേരിൽ ഇനിയും കഷ്ടത അനുഭവിക്കേണ്ടതുണ്ടോയെന്ന് സർക്കാർ തീരുമാനിക്കണം.

പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി സർവേ നടത്തുന്നതിനെയും കെ -റെയിൽ എന്നു രേഖപ്പെടുത്തിയ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതിനെയും ചോദ്യം ചെയ്‌ത് കോട്ടയം സ്വദേശി മുരളീകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. ക്രിമിനൽ കേസുകളുടെ കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ സമയം തേടിയതിനാൽ ഹർജികൾ സെപ്തംബർ 26നു പരിഗണിക്കാൻ മാറ്റി.

സാമൂഹ്യാഘാത പഠനം നിറുത്തിയതായി സർക്കാരും കെ-റെയിൽ അധികൃതരും ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു. തുടർ വിജ്ഞാപനമില്ലാതെ സർവേ പുനരാരംഭിക്കില്ലെന്നും വ്യക്തമാക്കി. ഇതു ഹൈക്കോടതി രേഖപ്പെടുത്തി. ഡി.പി.ആറിന് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരും വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും അനുമതി ഇല്ലാത്ത പദ്ധതിക്കു വേണ്ടി സർക്കാർ അനാവശ്യ ചെലവ് വരുത്തിയെന്ന് ഹർജിക്കാരും ആരോപിച്ചു. ഇതിനു പിന്നാലെയാണ് കേസുകളുടെ കാര്യം ചർച്ചാവിഷയമായത്.

Advertisement
Advertisement