എസ്.എൻ ട്രസ്‌റ്റിനെ തകർക്കാൻ സമ്പന്ന ലോബി : വെള്ളാപ്പള്ളി

Monday 29 August 2022 11:58 PM IST

ചേർത്തല : എസ്.എൻ ട്രസ്റ്റിനെ സാമ്പത്തികമായി തകർക്കാനും, വികസനപ്രവർത്തനങ്ങൾ തടസപ്പെടുത്താനും സമ്പന്നർ പിന്താങ്ങുന്ന ലോബി പ്രവർത്തിക്കുന്നതായി ട്രസ്‌റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നട‌േശൻ പറഞ്ഞു. ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ എസ്.എൻ ട്രസ്റ്റിന്റെ 69 -ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസുകളുടെ നടുവിലൂടെയാണ് ഇപ്പോൾ ട്രസ്‌റ്റിന്റെ പ്രവർത്തനം. മൂന്നു മാസം മുമ്പ് വാർഷിക പൊതുയോഗം നടന്നപ്പോൾ 152 കേസുകളാണുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 172ലെത്തി. ട്രസ്‌റ്റ് ഭരണസമിതിക്ക് ഭരിക്കാൻ അവകാശമില്ലെന്ന കിംവദന്തി പരത്തിയെങ്കിലും വിജയിച്ചില്ല. ഇതിനു പിന്നിലെ കറുത്ത ശക്തികൾ പുറത്തുവരാതെ, ചിലരെ മുന്നിൽ നിറുത്തി കളിക്കുകയാണ്. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായ സ്‌കീമിന്റെ അടിസ്ഥാനത്തിലാണ് ട്രസ്‌റ്റിലെ ഭരണം. വികസനം തടസപ്പെടുത്തുന്നവർക്കും ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കും ഇതൊന്നുമറിയില്ല. ട്രസ്‌റ്റിനെയും സമുദായത്തെയും ചെറുതാക്കാനും മോശക്കാരാക്കാനുമാണ് ശ്രമം.ഗുരുവിൽ നിന്ന് അകന്നതോടെ ഈഴവർ പിന്നാക്കാവസ്ഥയിൽ നിൽക്കുന്നു. ഗുരു സന്ദേശങ്ങൾ ന്യൂനപക്ഷങ്ങൾ നടപ്പാക്കി ജീവിതവിജയം നേടി. അവർ റോക്കറ്റു പോലെ കുതിച്ചപ്പോൾ, ഈഴവർ ഒച്ചിഴയും വേഗത്തിലാണ് നീങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
2022 -23 വർഷത്തേക്കുള്ള ബഡ്ജറ്റും വെള്ളാപ്പള്ളി അവതരിപ്പിച്ചു. ചെയർമാൻ ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ട്രഷറർ ഡോ. ജി. ജയദേവൻ, നിയമോപദേഷ്ടാവ് അഡ്വ. എ.എൻ.രാജൻ ബാബു, ഓഡിറ്റർ റഹിം, എക്‌സിക്യുട്ടീവ് അംഗങ്ങളായ എ. സോമരാജൻ, കെ.പദ്മകുമാർ, രവീന്ദ്രൻ വടകര, മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, കെ.ആർ. ഗോപിനാഥൻ, സന്തോഷ് അരയക്കണ്ടി, മേലാംകോട് സുധാകരൻ, അജി എസ്.ആർ.എം എന്നിവർ പങ്കെടുത്തു.

പ്രശ്‌നാധിഷ്‌ഠിതമായി

അഭിപ്രായം പറയും

പ്രതിഷേധിക്കാനും പ്രതികരിക്കാനും ഈഴവർ മറക്കുന്ന ഈ അവസരത്തിലാണ് വിഴിഞ്ഞം സമരത്തെ കാണേണ്ടതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങുന്ന കാഴ്ചയാണത്. ഞാൻ പിണറായിയുടെ മുന്നണിയിലുമില്ല, ഇടതുമുന്നണിയുടെ പാദസേവകനുമല്ല. എനിക്ക് അഭിപ്രായ സ്ഥിരതയില്ലെന്നാണ് ചിലരുടെ പ്രചാരണം. പ്രശ്‌നാധിഷ്‌ഠിതമായി അഭിപ്രായം പറയുന്നതാണ് എന്റെ നയം. നല്ലതു ചെയ്‌താലും തെറ്റായാലും വിളിച്ചു പറയും. ഈഴവർ വിവേക ജീവികളല്ല, വികാര ജീവികളാണ്. അതുകൊണ്ടാണ് ശബരിമല സമരത്തിൽ എടുത്തു ചാടി പലരും കോടതി കയറിയിറങ്ങുന്നത്. സമുദായത്തിലെ പല നേതാക്കളും സമരത്തിൽ ചെന്നുവീണു. സവർണാധിപത്യത്തിന് കൂട്ടുനിൽക്കുന്ന സമരമായിരുന്നു അതെന്ന എന്റെ മുൻ നിലപാടിൽ മാറ്റമില്ല. എന്റെ രാഷ്‌ട്രീയം ഇരിക്കുന്ന കസേരയുടെ മഹിമയാണ്. അതിൽ വെള്ളം ചേർക്കാൻ കിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പറയാം. അതിന് എനിക്കൊരു മറുപടിയുണ്ടാകും- വെള്ളാപ്പള്ളി പറഞ്ഞു.

Advertisement
Advertisement