ഓണത്തെ വരവേറ്റ് വല്ലപ്പുഴയിൽ ചെണ്ടുമല്ലികൾ പൂവിട്ടു

Tuesday 30 August 2022 1:46 AM IST
വല്ലപ്പുഴ ചെറുകോട്ടെ ചെണ്ടുമല്ലി പാടത്ത് കർഷകർ.

ചെർപ്പുളശ്ശേരി: ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാൻ വല്ലപ്പുഴയിൽ നിന്നുള്ള ചെണ്ടുമല്ലി പൂക്കളും. വല്ലപ്പുഴ ചെറുകോട് പാടശേഖരത്തിലാണ് ഓണത്തെ വരവേറ്റ് ചെണ്ടുമല്ലികൾ പൂവിട്ടു നിൽക്കുന്നത്. ഓണം വിപണി ലക്ഷ്യമാക്കി യുവ കർഷകരായ എൻ. സുബ്രഹ്മണ്യൻ, പി. സന്തോഷ് കുമാർ, പി. അനൂപ് എന്നിവരാണ് 20 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തത്. വല്ലപ്പുഴ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണവും ഇവർക്കു ലഭിച്ചു. നേരത്തെ പരീക്ഷണമായി ഇവർ ചെയ്ത സൂര്യകാന്തി കൃഷിയും തണ്ണിമത്തൻ കൃഷിയും വിജയം കണ്ടിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചെണ്ടുമല്ലി കൃഷിയും തുടങ്ങിയത്. വിളവെടുപ്പും കഴിഞ്ഞ ദിവസം തുടങ്ങി. വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. അബ്ദുൽ ലത്തീഫ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ സുധീപ്, കൃഷി ഓഫീസർ ദീപ, അസി. കൃഷി ഓഫീസർ ജീന ക്രിസ്റ്റീന തുടങ്ങിയവരും പാടശേഖര സമിതി ഭാരവാഹികളും പങ്കെടുത്തു. അടുത്ത വർഷം മുതൽ കൂടുതൽ സ്ഥലത്ത് പൂ കൃഷി ചെയ്യാനാണ് ഇവരുടെ തീരുമാനം.

Advertisement
Advertisement