സ്പെഷ്യൽ മാര്യേജ് ആക്ട്: വിവാഹ നോട്ടീസ് പരസ്യമാക്കരുതെന്ന ഹർജി തള്ളി

Tuesday 30 August 2022 1:50 AM IST

ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വിവാഹത്തിന് ഒരുമാസം മുമ്പ് രജിസ്ട്രാർ ഓഫീസിലും വെബ്സൈറ്റിലും പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥയ്ക്കെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. നിലവിൽ നിയമത്തിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിവാഹിതരാകുന്നവരുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 1954ലെ ആക്ടിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത് ബംഗളൂരുവിൽ താമസിക്കുന്ന മിശ്രവിവാഹിത കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ആതിര ആർ. മേനോൻ നൽകിയ ഹർജിയാണ് തള്ളിയത്.

വിവാഹത്തിൽ എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ടെന്നും ഇത് മിശ്രവിവാഹിതരെ ദോഷകരമായി ബാധിക്കുന്നതാണെന്നും നിയമം ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആക്ടിലെ സെക്ഷൻ 6(2),6(3), 7,8,9,10 വ്യവസ്ഥകൾ ചോദ്യം ചെയ്തായിരുന്നു ഹർജി.

ഷമീം എന്ന മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിന്റെ പേരിൽ സൈബർ ആക്രമണമുൾപ്പെടെ നിരവധി പ്രശ്നങ്ങൾ നേരിട്ട വ്യക്തിയാണ് ഹർജിക്കാരിയെന്ന് മുതിർന്ന അഭിഭാഷകൻ രവിശങ്കർ ജൻഡാല കോടതിയിൽ പറഞ്ഞു. എന്നാൽ ഹർജിക്കാരി ഇപ്പോൾ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

കോഴിക്കോടാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. മിശ്രവിവാഹത്തിന് അപേക്ഷ നൽകിയ 120ലധികം പേരുടെ പേരും ഫോൺ നമ്പറും മറ്റ് വിവരങ്ങളുമടക്കം ലൗ ജിഹാദ് എന്ന ആരോപണവുമായി അപേക്ഷ നൽകി ദിവസങ്ങൾക്കുശേഷം ഒരു ഫേസ് ബുക്ക് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ നിരവധിപേർ ഇത് ഫോർവേഡ് ചെയ്തു. വലിയ തോതിൽ സൈബർ ആക്രമണവുമുണ്ടായി. തുടർന്നാണ് ആതിര ഹർജി നൽകിയത്.

വെബ് സൈറ്റിലേത്

കേരളം നിറുത്തി

സൈബർ ആക്രമണത്തിനെതിരെ ആതിരയും ഷെമീമും നൽകിയ പരാതിയെത്തുടർന്ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്ന് കേരള സർക്കാർ തീരുമാനിച്ചിരുന്നു. 2020 ജൂലായിൽ അന്ന് മന്ത്രിയായിരുന്ന ജി.സുധാകരന്റെ നിർദ്ദേശത്തെ തുടർന്നാണിത്.

Advertisement
Advertisement