മദ്ധ്യ വടക്കൻ ജില്ലകളിൽ 5 ദിവസം അതിശക്ത മഴ

Tuesday 30 August 2022 1:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്ധ്യ വടക്കൻ ജില്ലകളിൽ അഞ്ച് ദിവസം കൂടി അതിശക്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴികൾ നിലനിൽക്കുന്നതും അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിലുമാണിത്. മദ്ധ്യ വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത.തെക്കൻ ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും മറ്റിടങ്ങളിൽ ശക്തി കുറഞ്ഞ മഴയും ലഭിക്കും.വെള്ളിയാഴ്ചയോടെ മഴ കുറഞ്ഞേക്കും

സംസ്ഥാനത്ത് ലഘുമേഘ വിസ്ഫോടന സാദ്ധ്യതയും നില നിൽക്കുന്നുണ്ട്. തുലാവർഷ മഴയുടെ സാമ്യത ഇപ്പോഴത്തെ മഴയ്ക്കുണ്ട്. മഴ മേഘങ്ങൾ സാധാരണ രീതിയിൽ നിന്ന് ഉയർന്നാണ് കാണുന്നത്.ഇത് മേഘ വിസ്ഫോടനത്തിന്റെ സൂചനയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ചെറിയ സമയത്തിൽ വലിയ അളവിൽ പെയ്യുന്ന മഴയിൽ മിന്നൽ പ്രളയത്തിന് സാദ്ധ്യത കൂടുതലാണ്.

അപ്രതീക്ഷിത ഉരുൾപ്പൊട്ടൽ

മഴ ശക്തമായ രീതിയിൽ തുടർന്നാൽ അപ്രതീക്ഷിത ഉരുൾപ്പൊട്ടൽ സംഭവിച്ചേക്കാം. കഴിഞ്ഞ മാസങ്ങളിലെ കാലവർഷ മഴയിൽ സംഭരണ ശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങി. ഭൂഗർഭ ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദ്ദം വർദ്ധിച്ചു.ഈ സാഹചര്യത്തിലാണ് ഉരുൾപ്പൊട്ടലുകൾ വർദ്ധിക്കുന്നത്.മണ്ണിന്റെ ജലസംഭരണ ശേഷി പണ്ടത്തേക്കാൾ കുറഞ്ഞ സാഹചര്യമാണ്. 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടാവാൻ സാദ്ധ്യത കൂടുതൽ.

അപ്രതീക്ഷ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നതിന് കാരണം മനുഷ്യൻ പ്രകൃതിയെ മാറ്റിയെടുത്തതാണ് .മണ്ണിന് അനക്കം പോലും പാടില്ലാത്ത സ്ഥലങ്ങളുണ്ട്.

-ഡോ.ഗോപകുമാർ ചോലയിൽ ,​

കാലാവസ്ഥ പരിസ്ഥിതി ഗവേഷകൻ

Advertisement
Advertisement