വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തില്ല, തീരശോഷണം പഠിക്കാൻ സമിതി:മുഖ്യമന്ത്രി

Tuesday 30 August 2022 8:16 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന ആവശ്യം യുക്തിസഹമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ഇതൊഴിച്ച് ഏതാവശ്യവും പരിഗണിക്കാം.

തീരശോഷണം ഉണ്ടാകുന്നതിന് തുറമുഖ നിർമ്മാണവുമായി ബന്ധമില്ല. എങ്കിലും മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് ഇക്കാര്യം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും. മൂന്നു മാസത്തിനകം ഇടക്കാല റിപ്പോർട്ട് കിട്ടും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.

സമരത്തിന് നേതൃത്വം നൽകുന്നവർ പ്രത്യേക താത്പര്യം വച്ചുകൊണ്ടുള്ള ഇടപെടലുകൾ നടത്തുന്നു. ചിലരുടെ പ്രവർത്തനം രാഷ്ട്രീയലക്ഷ്യം വച്ചാണ്.

തുറമുഖ നിർമ്മാണം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ സർക്കാർ ഇടപെടൽ അനിവാര്യമായിട്ടുണ്ട്. ചർച്ചയ്ക്ക് മന്ത്രിമാർ കാത്തിരുന്നിട്ടും കഴിഞ്ഞദിവസം സമരക്കാർ വന്നില്ല. സർക്കാരിന് പിടിവാശിയില്ല. ചർച്ച തുടരും. സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ മിക്കവയും നടപ്പിലാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പ്രാദേശികമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയും പരിഗണിക്കുമെന്നും സമരത്തിൽ നിന്ന് അടിയന്തരമായി പിന്തിരിയണമെന്നും കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.

തുറമുഖ നിർമ്മാണം പൂർത്തിയായാൽ മത്സ്യബന്ധന ബോട്ടുകൾക്ക് ലാൻഡിംഗ് സ്​റ്റേഷൻ ഒരുക്കും. തുറമുഖം കമ്മിഷൻ ചെയ്യുന്നതോടൊപ്പം പാരമ്പര്യേതര ഊർജ്ജ പാർക്ക് സ്ഥാപിക്കാനുള്ള ഡി.പി.ആർ തയ്യാറാക്കുകയാണ്. പാർക്കിൽ നിന്നു സബ്സിഡി നിരക്കിൽ ഇന്ധനം നൽകും.

കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെയും സി.ആർ.ഇസഡ് പരിധിക്കുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെയും മാ​റ്റിപാർപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ മുട്ടത്തറയിലുള്ള എട്ട് ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവരെ വേഗത്തിൽ പുനരധിവസിപ്പിക്കും. ഇവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതുവരെ 5500 രൂപ പ്രതിമാസ വാടക നൽകും. കോവളം ബീച്ച് പുനരുദ്ധാരണത്തിന് 58 കോടിയുടെ പദ്ധതി തയ്യാറായി. മത്സ്യബന്ധന യാനങ്ങൾ മണ്ണെണ്ണ ഇതര എൻജിനിലേക്ക് മാറാൻ പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement