ദുരന്തനിവാരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ആലോചിക്കും

Wednesday 31 August 2022 12:19 AM IST

തിരുവനന്തപുരം: ദുരന്തനിവാരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ആലോചനയിലാണെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്തു നൽകി. ദുരന്തനിവാരണ സാക്ഷരതാ യജ്ഞത്തിനായി 'സജ്ജം" പദ്ധതി ആരംഭിക്കും. ഭൂമിയുടെ അപകടസാദ്ധ്യതകൾ, എന്തൊക്കെ നിർമ്മാണം നടത്താം തുടങ്ങിയ കാര്യങ്ങളടക്കം പദ്ധതിയുടെ ഭാഗമായി ജനത്തെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.

ദുരന്തങ്ങൾക്കിരയായ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര നിയമപ്രകാരം സാദ്ധ്യമല്ല. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇക്കാര്യം ശക്തമായി ആവശ്യപ്പെടാൻ സംസ്ഥാനത്തെ എം.പിമാർ തയ്യാറാവണം. പെട്ടിമുടി ദുരന്തത്തിൽ കാണാതായ പ്രതീഷ്‌കുമാറിന്റെ ഭാര്യ കസ്തൂരി, മകൾ പ്രിയദർശിനി, ഗാന്ധിരാജിന്റെ മകൾ കാർത്തിക, ഷണ്മുഖരാജിന്റെ മകൻ ദിനേശ്കുമാർ എന്നിവരെ മരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ‌ഇവരുടെ പിന്തുടർച്ചക്കാർക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 15 ക്വാറികൾക്കെതിരെ നടപടി

ജൂലായ് 31 വരെ 15 ക്വാറികൾക്കെതിരെ നടപടിയെ‌ടുത്തു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് കാസർകോട് ജില്ലകളിലെ ക്വാറികൾ ഉരുൾപൊട്ടലിനും ഭൂകമ്പത്തിനും കാരണമാകുന്നുണ്ടോ എന്ന് പ്രത്യേകം പരിശോധിച്ചിട്ടില്ല. ജിയോളജി വകുപ്പിന്റെ പരിശോധനയിൽ ഇടുക്കിയിലെ ഉരുൾപൊട്ടലിന് പിന്നിൽ ക്വാറികളാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Advertisement
Advertisement