മിക്സഡ്‌ സ്കൂൾ: അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയ ശേഷമെന്ന് മന്ത്രി

Tuesday 30 August 2022 8:23 PM IST

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയ ശേഷമേ സ്കൂളുകളിൽ സഹവിദ്യാഭ്യാസം ഏർപ്പെടുത്തുകയുള്ളൂവെന്ന് മന്ത്രി വി. ശിവൻകുട്ടി. ബോയ്‌സ്‌, ഗേൾസ്‌ സ്കൂളുകൾ നിറുത്തലാക്കി,​ മിക്സഡ് സ്കൂളുകളാക്കാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. പി.ടി.എ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ശുപാർശയും മതിയായ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെങ്കിലേ സ്കൂളുകൾ മിക്സഡ്‌ ആക്കേണ്ടതുള്ളൂവെന്നാണ്‌ സർക്കാർ നിലപാട്‌.

 ഐ.ടി.ഐകളിൽ കാലഹരണപ്പെട്ട കോഴ്സുകൾ നിറുത്തലാക്കി കാലാനുസൃതമായ മാറ്റം കൊണ്ടുവരും. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. 13 കോഴ്സുകൾ ഇതിന് വേണ്ടി തിരഞ്ഞെടുത്തിട്ടുണ്ട്. ഐ.ടി.ഐകളിൽ പെൺകുട്ടികൾക്കായി പുതിയ കോഴ്സുകൾ തുടങ്ങും.

 തായ്‌വാനിലെ എയർ കാറ്ററിംഗ് കമ്പനിയിലെ വിവിധ തസ്തികകളിൽ ഒഡെപെക്‌ മുഖേന നിയമനത്തിനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. യു.എ.ഇയിലെ പ്രമുഖ സ്കൂളുകളിലേക്ക്‌ സപ്പോർട്ട്‌ സ്റ്റാഫുകളുടെ നിയമനവും നടക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

സംസ്ഥാനത്ത്കപ്പൽ സർവീസ്‌: മന്ത്രി ദേവർകോവിൽ

വിനോദ സഞ്ചാര വികസനത്തിനും ചരക്കുനീക്കത്തിനും ഉതകുന്ന രീതിയിൽ സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച്‌ കപ്പൽ സർവീസ്‌ നടപ്പാക്കുമെന്ന്‌ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ നിയമസഭയെ അറിയിച്ചു.
തീരദേശ കപ്പൽ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തുറമുഖ വകുപ്പിന്‌ കീഴിലുള്ള സ്ഥലങ്ങളെ മറൈൻ, ടൂറിസം വികസന പദ്ധതികൾക്ക്‌ പ്രയോജനപ്പെടുത്താനുമായി തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പൂർത്തീകരിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. കൊല്ലം, ബേപ്പൂർ, അഴീക്കൽ, കൊച്ചി തുറമുഖങ്ങളെ ബന്ധിപ്പിച്ച്‌ പാസഞ്ചർ സർവീസ്‌ ആരംഭിക്കുന്നത്‌ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement