ലോകായുക്ത ഭേദഗതി പരിധിവിട്ട കളിയെന്ന് സതീശൻ, 'നിയമസഭ എങ്ങനെ കോടതിയാകും"

Wednesday 31 August 2022 12:03 AM IST

തിരുവനന്തപുരം: നിയമനിർമ്മാണം നടത്തുന്ന നിയമസഭ എങ്ങനെ വിചാരണക്കോടതിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ചോദിച്ചു.

ലോകായുക്ത നിയമഭേദഗതിയെ എതിർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി സ്വീകരിക്കണോ നിരാകരിക്കണോ എന്ന് നിയമസഭയ്ക്ക് തീരുമാനിക്കാം. സഭയിൽ ഭൂരിപക്ഷമുള്ള കാലത്തോളം വിധിയുടെ ശരിതെറ്റുകൾ നോക്കാതെ മുഖ്യമന്ത്രിക്ക് അനുകൂലമായി തീരുമാനമുണ്ടാകും.

ലോകായുക്ത വിധി തെളിവിന്റെയും നിയമപരിശോധനയുടേയും അടിസ്ഥാനത്തിലാണ്. അതിനെ രാഷ്ട്രീയഭൂരിപക്ഷം കൊണ്ട് നിരാകരിക്കുന്നത് ജുഡിഷ്യറിയുടേയും എക്സിക്യുട്ടീവിന്റെയും അധികാര പരിധികളെ കുറിച്ചുള്ള ഭരണഘടന നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. ഇത് പരിധിവിട്ട കളിയാണ്. വിധിയിൽ പരാതിയുണ്ടെങ്കിൽ ഉന്നത നീതിപീഠങ്ങളാണ് വിലയിരുത്തേണ്ടത്. നിയമം ഭരണഘടനാവിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതികളാണെന്നും സതീശൻ പറഞ്ഞു.

ലോകായുക്തയുടെ പല്ലും നഖവും ചിറകും അരിയുന്ന നടപടിയാണിതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധി സ്വീകരിക്കണോ വേണ്ടയോ എന്ന് നിയമസഭ തീരുമാനിക്കുമെന്ന് പറഞ്ഞാൽ അർത്ഥം സംസ്ഥാനം ഭരിക്കുന്നവരാണ് ഇക്കാര്യം നിശ്ചയിക്കുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

 ലോകായുക്തയുടെ അധികാരം കവരില്ലെന്ന് മന്ത്രി രാജീവ്

ജുഡിഷ്യൽ സ്ഥാപനമല്ലാത്തതിനാൽ ലോകായുക്ത ഭേദഗതികൾ അധികാരം കവരില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ലോകായുക്തയുടെ കണ്ടെത്തൽ സർക്കാരിന് സമർപ്പിക്കാം. അതിലെ നടപടി സർക്കാരിന് തീരുമാനിക്കാം. ലോകായുക്തയുടെ മാതൃസംവിധാനമായ ലോക്പാലിലും ഈ വ്യവസ്ഥയാണ്. ഹൈക്കോടതിയും എ.കെ. ആന്റണിയുടെ മുൻ സർക്കാരും ഈ നിലപാട് ശരിവച്ചിട്ടുണ്ട്.

ഉപാധികളോടെയാണ് ലോക്പാൽ നിയമത്തിൽ പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിയത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലോകായുക്ത പരിധിയിൽ മുഖ്യമന്ത്രിയില്ല. ഇന്ത്യയിലെ മാതൃകാ ലോകായുക്ത നിയമമെന്ന് പറയുന്ന കർണാടകത്തിലെ ലോകായുക്ത നിയമത്തിലും വിധി സ്വീകരിക്കുകയോ, നിരാകാരിക്കുകയോ ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്വേഷണ ഏജൻസി വിധി പ്രസ്താവിക്കുന്ന സ്ഥിതി ഒഴിവാക്കാനും ഗവർണറിലൂടെ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള കേന്ദ്രനീക്കം തടയാനുമാണ് നിയമഭേദഗതിയെന്ന് എ.സി. മൊയ്തീൻ പറഞ്ഞു. ഭേദഗതി ചെയ്ത് നല്ല രീതിയിലുണ്ടായിരുന്ന സംവിധാനത്തെ ഇല്ലാതാക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുപാർട്ടികളുടെ പ്രഖ്യാപിത നയങ്ങൾക്ക് പോലും ഇത് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Advertisement