ഹാംഗോവർ മാറ്റാൻ ഹോംഗ്കോംഗിനോട്

Wednesday 31 August 2022 12:21 AM IST

ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് ഹോംഗ്കോംഗിനെ നേരിടുന്നു

ദുബായ് : ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് തകർത്ത ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിൽ ഹോംഗ്കോംഗിനെ നേരിടും. ക്വാളിഫയിംഗ് റൗണ്ട് കടന്നെത്തിയ ഹോംഗ്കോംഗിന്റെ ആദ്യ മത്സരമാണിത്. ദുർബലരായ എതിരാളികളോട് ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ ഒന്നാമന്മാരായി സൂപ്പർ ഫോർ ഉറപ്പിക്കാം.

ഹാർദിക് പാണ്ഡ്യയുടെ ആൾറൗണ്ട് മികവിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ വിജയം നേടിയത്. ഇതേവേദിയിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 147ൽ ഒതുക്കിയശേഷം രണ്ട് പന്തുകൾ ബാക്കി നിറുത്തിയാണ് ഇന്ത്യ വിജയം കണ്ടത്. ഹാർദിക്കിനെക്കൂടാതെ ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ രവീന്ദ്ര ജഡേജ, ഏറെനാളായി ഫോമിലല്ലാതെ അലയുന്ന വിരാട് കൊഹ്‌ലി എന്നിവരും ബാറ്റിംഗിൽ മികവ് പുലർത്തിയിരുന്നു. ആദ്യ മത്സരത്തിൽ റിഷഭ് പന്തിനെ പുറത്തിരുത്തി ദിനേഷ് കാർത്തികിനെയാണ് വിക്കറ്റ് കീപ്പർ ഗ്ളൗസ് ഏൽപ്പിച്ചിരുന്നത്. ഇന്നത്തെ അവസരം റിഷഭിന് നൽകാൻ സാദ്ധ്യതയുണ്ട്.

ന്യൂബാളെടുക്കുന്ന ഭുവനേശ്വർ കുമാറിന്റെ ഫോം ഇന്ത്യയ്ക്ക് ആവേശമാണ്. അർഷ്ദീപ് സിംഗും ആവേഷ് ഖാനും ശരാശരി പ്രകടനമാണ് നടത്തുന്നതെങ്കിലും ഹാർദിക് പാണ്ഡ്യ കൂടിച്ചേരുമ്പോൾ ഇന്ത്യൻ പേസ് നിരയ്ക്ക് മൂർച്ചകൂടും. ചഹലും രവീന്ദ്ര ജഡേജയുമാകും സ്പിൻ ഓപ്ഷനുകൾ.

യോഗ്യതാ റൗണ്ടിൽ സിംഗപ്പുർ,യു.എ.ഇ , കുവൈറ്റ് ടീമുകളെ തോൽപ്പിച്ചാണ് ഹോംഗ്കോംഗ് മെയിൻ ഡ്രോയിലേക്ക് എത്തിയിരിക്കുന്നത്. ആൾറൗണ്ടർ നിസാക്കത്ത് ഖാനാണ് ഹോംഗ്കോംഗിനെ നയിക്കുന്നത്.

ടി.വി ലൈവ് : രാത്രി ഏഴര മുതൽ സ്റ്റാർ സ്പോർട്സിൽ

Advertisement
Advertisement