ചക്രവാതച്ചുഴി, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യത; മലമ്പുഴ ഡാം തുറന്നു

Wednesday 31 August 2022 10:16 AM IST

പാലക്കാട്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീൻപിടുത്തക്കാരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കഴിഞ്ഞ 45 ദിവസത്തിനിടെ മൂന്നാം തവണയാണ് ഡാം തുറക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് ഇത്. തമിഴ്നാട് മുതൽ പടിഞ്ഞാറൻ വിദർഭ വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. കേരള– ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ട്.

കെഎസ്ഇബിയുടെ ഇടമലയാർ, കക്കി, ബാണാസുരസാഗർ, ഷോളയാർ, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളി‍ൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങ‍ൽക്കുത്ത് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിലും ‍കുറ്റ്യാടി‍യിലും ബ്ലൂ അല‍ർട്ടുമാണ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ടാണ്. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.