ഭക്തിയുടെ നിറവിൽ ചെങ്ങന്നൂർ ദേവിക്ക് തൃപ്പൂത്താറാട്ട്

Thursday 01 September 2022 12:12 AM IST

ചെങ്ങന്നൂർ : ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് നടന്നു. തൃപ്പൂത്താറാട്ട് കണ്ടു തൊഴാൻ നാടിന്റെ നാനാഭാഗത്ത് നിന്ന് ആയിരക്കണക്കിന് ഭക്തർ എത്തി. മലയാള വർഷത്തിലെ ആദ്യത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. പ്രായശ്ചിത്തമായി കേണൽ മൺട്രോ ചെങ്ങന്നൂർ ദേവിക്ക് സമർപ്പിച്ച തുകയുടെ പലിശ പണം കൊണ്ടാണ് ആദ്യ തൃപ്പൂത്താറാട്ടിന്റ ചെലവുകൾ നടത്തുക. തൃപ്പൂത്തായ ശേഷം ദേവിയെ ശ്രീകോവിലിൽ നിന്ന് തൃപ്പൂത്തറയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ ആറാട്ടിനായി ദേവിയെ പുറത്തേക്ക് എഴുന്നെള്ളിച്ചു. ആറാട്ടുകർമ്മങ്ങൾക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി. വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടുദേവിക്ക് അഭിഷേകവും നിവേദ്യവും നടത്തി. ആറാട്ട് കടവിലും ആറാട്ടെഴുന്നെള്ളിപ്പ് കടന്നുവരുന്ന വഴികളിലും നിറപറയും നിലവിളക്കും തെളിച്ചിരുന്നു. നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളിപ്പും ഇരുനടയിലും കളഭാഭിഷേകവും നടത്തി. തുടർന്ന് ആചാരപ്രകാരം കേണൽ മൺട്രോ നടയ്ക്കുവച്ച ( തിരുവാഭരണങ്ങൾ ) പനന്തണ്ടൻ വളയും ഒഢ്യാണവും ദേവിയെ അണിയിച്ചു. ആറാട്ടിനുശേഷം 12ദിവസം ഭക്തർക്ക് പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീ ദേവീ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ കെ.സൈനുരാജ്, മാവേലിക്കര വിജിലൻസ് ഓഫീസർ ഗണേശൻ പോറ്റി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.ബിന്ദു, ഉപദേശകസമിതി പ്രസിഡന്റ് എസ്.വി.പ്രസാദ്, സെക്രട്ടറി കെ.കെ.വിനോദ് കുമാർ, രക്ഷാധികാരി കെ.ഷിബു രാജൻ എന്നിവർ പങ്കെടുത്തു.