സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്,​ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Thursday 01 September 2022 6:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. തെക്കൻ, മദ്ധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ മൂന്ന് വരെയാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയത്.

തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും, തമിഴ്നാട് മുതൽ മദ്ധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് മഴ കനക്കാൻ കാരണം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മറ്റന്നാൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.