സ്പെഷ്യൽ റൂൾ ഭേദഗതി വൈകും, കെ.എ.എസ് വിജ്ഞാപനം ഉടനില്ല

Friday 02 September 2022 12:03 AM IST

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) സ്പെഷ്യൽ റൂൾസിലെ അപാകത കണ്ടെത്താനും ഭേദഗതി നിർദ്ദേശിക്കാനുമായി സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ വൈകുന്നതിനാൽ പുതിയ കെ.എ.എസ് വിജ്ഞാപനം ഉടനുണ്ടാകില്ല. സമിതി ശുപാർശ പ്രകാരം ഭേദഗതി വരുത്തിയാലേ വിജ്ഞാപനം പുറപ്പെടുവിക്കാനാവൂ. ജൂലായിൽ നിയമിച്ച സമിതി ഇതുവരെ യോഗംപോലും ചേർന്നിട്ടില്ല. സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധിയും നിശ്ചയിച്ച് നൽകിയിട്ടില്ല.

ആദ്യ കെ.എ.എസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2021 ഒക്ടോബറിലാണ്. അടുത്തമാസം ഒരുവർഷം പൂർത്തിയാകുന്നതോടെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. അതിനുമുമ്പ് വിജ്ഞാപനം വരേണ്ടതാണ്. രണ്ടുവർഷത്തിലൊരിക്കലാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടത്. ആദ്യ വിജ്ഞാപനം വന്നത് 2019 നവംബർ ഒന്നിന്. ആദ്യലിസ്റ്റിൽ നിന്ന് ഇതുവരെ 105 പേർക്കാണ് നിയമനം ലഭിച്ചത്.

സ്പെഷ്യൽ റൂൾസ് പ്രകാരം പ്രവേശന തസ്തികയുടെ കേഡർ സ്‌ട്രെംഗ്ത് നിശ്ചയിച്ചതിലുള്ള അപാകതയാണ് പ്രധാനമായും സമിതി പരിശോധിക്കുക. ഷെഡ്യൂൾ ഒന്നിലെ 23 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് ഓഫീസർ തസ്തികകളും കോമൺ കാറ്റഗറിയിലെ സമാന തസ്തികകളും ഉൾപ്പെടുന്ന 105 തസ്തികകളാണ് കെ.എ.എസിന്റെ എൻട്രി കേഡർ തസ്തികകളായി തീരുമാനിച്ചിരുന്നത്. എന്നാൽ ഇങ്ങനെ കണ്ടെത്തിയതിൽ നാലെണ്ണം മൂന്നാം ഗസറ്റഡ് തസ്തികയായതിനാൽ പിന്നീട് അവയെ ഒഴിവാക്കിയിരുന്നു. പകരം നാലെണ്ണം ഉൾപ്പെടുത്തി. പിന്നീടും പല വകുപ്പുകളിലെയും മൂന്നാം ഗസറ്റഡ് തസ്‌തികകൾ എൻട്രി കേഡറായി ഉൾപ്പെട്ടതായി കണ്ടെത്തി. ഇത്തരം അപാകതകൾ തുടരുന്നതിനാൽ സ്‌പെഷ്യൽ റൂളിലെ ഷെഡ്യൂൾ 2 ടേബിൾ 1-4ലെ പോരായ്മ പരിശോധിച്ച് കൃത്യമായ നിർദ്ദേശം നൽകാനാണ് സമിതിയെ നിയോഗിച്ചത്.

ഉദ്യോഗസ്ഥ ഭരണപരിഷ്കാര, ധന വകുപ്പ് അഡി. ചീഫ് സെക്രട്ടറിമാർ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ.

Advertisement
Advertisement