ഗൾഫി​ൽ ഓണാഘോഷം മുറുകുമ്പോൾ വാഴയില കയറ്റുമതി​ കുതി​ക്കുന്നു

Friday 02 September 2022 1:13 PM IST
വാഴയി​ല കയറ്റമതി​

നെടുമ്പാശേരി: വി​ഭവസമൃദ്ധമായ ഓണസദ്യ നി​റയെ ഗൃഹാതുരതയോടെ മറുനാട്ടി​ൽ ഒരുങ്ങുമ്പോൾ കേരളത്തി​ലെ വാഴയി​ലയ്ക്ക് വൻ ഡി​മാൻഡ്. കഴി​ഞ്ഞ രണ്ടു വർഷങ്ങളി​ൽ വി​ദേശ മലയാളി​കളുടെ ഓണം കൊവി​ഡ് കവർന്ന സാഹചര്യത്തി​ൽ ഇക്കുറി​ ഓണാഘോഷത്തി​ന് പൊലി​മയേറെയാണ്. ഗൾഫിൽ മലയാളികൾക്കിടയിൽ ഓണാഘോഷം തുടങ്ങിക്കഴി​ഞ്ഞതോടെ വാഴയി​ലയ്ക്ക് റെക്കാഡ് കയറ്റുമതി​യാണ്.

രണ്ട് ടൺ വാഴയിലകളാണ് ശനിയാഴ്ച്ച നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വകാര്യ ഏജൻസി ദുബായിലേക്ക് കയറ്റി അയച്ചത്. അടുത്തയാഴ്ചയോടെ എട്ട് മുതൽ പത്ത് ടൺ വരെ വാഴയില കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച കോഴിക്കോട് ആസ്ഥാനമായുള്ള കെ.ബി എക്‌സ്‌പോർട്ട് ആൻഡ് ഇംപോർട്സ് 14 ടൺ വാഴയിലയാണ് ദുബായിലേക്ക് കയറ്റി അയച്ചിരുന്നു.

കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

പ്രധാന കയറ്റുമതി​ ദുബായി​ലേയ്ക്ക്

കേരളത്തിൽ നിന്നും പ്രധാനമായും ദുബായിലേക്കാണ് വാഴയിലയും പച്ചക്കറികളും കയറ്റി അയക്കുന്നത്. അവിടെ നിന്നും റോഡ് മാർഗമാണ് ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത്. വാഴയില ഉൾപ്പെടെ കേടാകുന്ന എല്ലാ സാധനങ്ങളും ഏഴ് ഡിഗ്രി സെൽഷ്യസിലാണ് ഫ്രീസറിൽ സൂക്ഷിക്കുന്നത്. കൂടാതെ വെണ്ടക്ക, വഴുതനങ്ങ, മുരിങ്ങക്കായ്, പാവയ്ക്ക, അച്ചിങ്ങ തുടങ്ങിയ പച്ചക്കറികളും ഏത്തക്കായ, പൂവൻ തുടങ്ങിയ പഴങ്ങളും ഇത്തവണ ഓണാഘോഷങ്ങൾക്കായി​കൂടുതലായി കയറ്റി അയയ്ക്കും.

ആഘോഷത്തി​നും ചെലവേറും

പച്ചക്കറികളും പഴ വർഗങ്ങളും വിമാനം വഴി​ കയറ്റി അയക്കുമ്പോൾ കപ്പൽ മാർഗം അയക്കുന്നതിനേക്കാൾ ചെലവേറും. ഒരു കിലോ ഏത്തപ്പഴം കപ്പൽ മാർഗം അയക്കാൻ 15 രൂപ ചെലവാകുമ്പോൾ വിമാന മാർഗം 50 മുതൽ 80 രൂപ വരെ വരും. മുൻ കാലങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണ് ഇതെന്നാണ് കയറ്റുമതി രംഗത്തുള്ളവർ പറയുന്നത്. അതിനാൽ ഇത്തവണ ഗൾഫ് മലയാളികളുടെ ഓണാഘോഷവും ചെലവേറുമെന്ന് ചുരുക്കം.

Advertisement
Advertisement