കാസർകോട് - വയനാട് ഹരിത പവർ ഹൈവേ നിർമ്മാണം ഹൈഗിയറിൽ

Friday 02 September 2022 12:10 AM IST

കാസർകോട്: കാസർകോട് - വയനാട് ഹരിത പവർ ഹൈവേ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. വടക്കൻ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും മേഖലയിലെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപകരിക്കുന്നതാണ് പദ്ധതി.

അന്തർ സംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കരിന്തളം കയിനിയിലെ 400 കെ.വി സബ് സ്റ്റേഷനിൽ നിന്ന് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് ലൈൻ വലിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു.

മലബാറിലെ വൈദ്യുതി വിതരണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം കാസർകോട് ജില്ലയിലെ പുനുരുത്പാദന ഊർജ്ജനിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറച്ച് യഥാസമയം ലോഡ് സെന്ററിൽ എത്തിക്കുന്നതിനുമാണ് നോർത്ത് ഗ്രീൻ കോറിഡോർ 400 കെ.വി കരിന്തളം പയ്യമ്പള്ളി ഡബിൾ സർക്യൂട്ട് ലൈൻ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്.

കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്, ശ്രീകണ്ഠാപുരം, ഇരിട്ടി, നെടുംപൊയിൽ വഴിയാണ് വയനാട്ടിലെ പയ്യമ്പള്ളിയിലേക്ക് വൈദ്യുതി ലൈൻ പോകുന്നത്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ എട്ടു നിയോജക മണ്ഡലങ്ങളിലൂടെയും മൂന്നു പാർലമെന്റ് മണ്ഡലങ്ങളിലൂടെയും ലൈൻ കടന്നുപോകുന്നു. 436 കോടി രൂപയാണ് പദ്ധതിയുടെ ചിലവായി കണക്കാക്കുന്നത്. കെ.എസ്.ഇ.ബിയുടെ തനതു ഫണ്ടിൽ നിന്നാണ് വൈദ്യുതി ലൈനിനായുള്ള തുക അനുവദിച്ചിരിക്കുന്നത്. 36 മാസത്തിനകം വൈദ്യുതി ലൈൻ പൂർത്തിയാക്കാനാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. എൽ ആൻഡ് ടിക്കാണ് പദ്ധതിയുടെ നിർമാണച്ചുമതല.

സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായാണ് ഹരിത പവർ ഹൈവേ. ഏകദേശം 10,000 കോടി രൂപയുടെ ജോലികളാണ് ട്രാൻസ്ഗിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്നത്. 400 കെവി, 220 കെവി നിലവാരത്തിലുള്ള പ്രസരണ ശൃംഖല കേരളത്തിലുടനീളം സ്ഥാപിച്ച് പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും പുഗളൂർ മാടക്കത്തറ 2000 എച്ച്.വി.ഡി.സി ലൈൻ യാഥാർത്ഥ്യമായതോടെ ലഭ്യമായ വൈദ്യുതിയുടെ പ്രസരണം സുഗമമായി നടത്തുന്നതിനും ലക്ഷ്യമിടുന്നുണ്ട്.


സ്‌പെഷൽ പാക്കേജ്

പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് നഷ്ടപരിഹാരമായി പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. പാക്കേജ് സംബന്ധിച്ച് വൈദ്യുത ബോർഡും സർക്കാരും തീരുമാനമെടുക്കുന്നതോടെ അർഹരായവർക്ക് അത് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതു സംബന്ധിച്ച് ജനപ്രതിനിധികളും സർവ്വകക്ഷിസംഘവും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ സന്ദർശിച്ചിരുന്നു.

125 കിലോമീറ്റർ വൈദ്യുതി ലൈൻ

ആകെ 380 - 400 കെ.വി ടവറുകൾ.

വയനാട്ടിൽ 200 എം.വി.എ ട്രാൻസ്‌ഫോർമർ

180 മെഗാവാട്ട് പവർ

Advertisement
Advertisement