കളി ഇനി കാര്യവട്ടത്തേക്ക്

Friday 02 September 2022 12:31 AM IST

ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20; സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ട്വന്റി-2മത്സരത്തിന്റെ സംഘാടക സമിതി ഓഫീസ് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ലാഭം മാത്രം മുന്നിൽക്കണ്ട് മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്നു മന്ത്രി പറഞ്ഞു. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ.കെ.വർഗ്ഗീസ് അധ്യക്ഷനായി. മത്സരത്തിനായി സ്റ്റേഡിയം സജ്ജമാക്കുന്നത് വിശദമാക്കുന്ന വിഡിയോ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്വിച്ച് ഓൺ ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്ജ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത്.വി.നായർ, ട്രഷറർ കെ.എം. അബ്ദുൾ റഹ്‌മാൻ മത്സരത്തിന്റെ ജനറൽ കൺവീനർ വിനോദ്.എസ്.കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഗ്യാലറിയുടെയും ഫ്‌ളഡ്‌ലൈറ്റ് സംവിധാനത്തിന്റെയും മീഡിയ ബോക്‌സിന്റെയും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. 40000ത്തിൽ അധികം കാണികളെ ഉൾക്കൊള്ളാവുന്ന തരത്തിലാണ് ഗാലറി സജ്ജമാക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ശ്രീജിത്ത്.വി.നായർ വ്യക്തമാക്കി.

മൂന്നു മത്സരങ്ങളുള്ള ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഗ്രീന്‍ഫീൽഡ് സ്റ്റേഡിയം വേദിയാകുക. പരമ്പരയിലെ രണ്ടാം മത്സരം ഗോഹട്ടിയിലും മൂന്നാം മത്സരം ഇൻഡോറിലും നടക്കും. 2019 ഡിസംബർ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ അവസാനമായി അന്താരാഷ്ട്ര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ്ഇൻഡീസ് എട്ടു വിക്കറ്റിനു വിജയിച്ചിരുന്നു

Advertisement
Advertisement