ഭക്തിയുടെ നിറവിൽ ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു

Friday 02 September 2022 12:32 AM IST
ഗ​ണേ​ശോ​ത്സ​വ​ത്തോ​ട​് അനു​ബ​ന്ധി​ച്ച് ​പാ​ല​ക്കാ​ട് ​ന​ഗ​ര​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ഹാ​ ​നി​മ​ജ്ജന​ ​ശോ​ഭാ​യാ​ത്ര​യി​ൽ​ ​നി​ന്ന്.

പാലക്കാട്: വിഘ്നേശ്വര മന്ത്ര ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കൽപ്പാത്തി പുഴയിൽ ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു. ജില്ലാ ഗണേശോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയിലും വിഗ്രഹ നിമജ്ജനത്തിലും ചെറുതും വലുതുമായ 300 ഓളം വിഗ്രങ്ങൾ അണിനിരന്നു.

ഇന്നലെ ഉച്ചയ്ക്കു 2.30ന് മൂത്താന്തറ കണ്ണകിയമ്മൻ ക്ഷേത്ര പരിസരത്ത് ആരംഭിച്ച ശോഭായാത്ര നഗരം ചുറ്റി വിക്ടോറിയ കോളേജിന് സമീപത്തെ ചിന്മയ തപോവനം ജംഗ്ഷനിലെത്തി. ഇവിടെ നിന്ന് ആരംഭിച്ച നിമജ്ജന മഹാശോഭായാത്ര കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ മുഖ്യപ്രഭാഷണം നടത്തി.

നഗരത്തിലെ പ്രധാന ക്ഷേത്രങ്ങൾക്ക് പുറമേ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന മറ്റു വിഗ്രഹങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. നഗരം ചുറ്റി വൈകിട്ട് ആറോടെ കൽപ്പാത്തി പുഴയിൽ എത്തിച്ചേർന്ന ഘോഷയാത്രയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ഗണപതി വിഗ്രഹങ്ങളിൽ ആചാര്യന്മാർ പൂജകൾ നടത്തിയ ശേഷം വൈകിട്ട് ആറരയോടെ നിമജ്ജനം ചെയ്തു.

Advertisement
Advertisement