ബി.ജെ.പി സംസ്ഥാനങ്ങളിൽ ഇരട്ട എൻജിൻ സർക്കാർ: പ്രധാനമന്ത്രി

Friday 02 September 2022 2:21 AM IST

കൊച്ചി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേത് പോലെ ഇരട്ട എൻജിൻ സർക്കാരാണ് കേരള ജനതയും ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

അഴിമതി മുക്തമായ ഭരണത്തിന് കേരള ജനത ബി.ജെ.പിയിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ആദിവാസി, ദളിത്, ദരിദ്രർ തുടങ്ങി പാർശ്വവത്കൃത ജനതയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്രം മുൻഗണന നൽകുന്നത്. പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ദരിദ്ര കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുക്കുന്നതിന് രണ്ടു ലക്ഷം വീടുകളുടെ നിർമ്മാണം ആരംഭിച്ചു, ഒരു ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പൂർത്തിയായി. ആയുഷ് മാൻ യോജന, പി.എം. കിസാൻ സമ്മാൻ പദ്ധതി, ഗ്രാമീൺ സഠക്ക് യോജന, പി.എം. ഗരീബ് കല്യാൺ യോജന തുടങ്ങി ഒരു ലക്ഷം കോടിയുടെ വികസന പദ്ധതികൾ കേരളത്തിന് നൽകിയിട്ടുണ്ട്. ദേശീയപാത വികസനത്തിനു മാത്രം 50,000

കോടിയുടെ പദ്ധതി നടപ്പിലാക്കി. രാജ്യത്തെ എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് ആരംഭിക്കുകയെന്നതാണ് ലക്ഷ്യം. ഇതിലൂടെ യുവജനങ്ങൾക്കും നഴ്സുമാർക്കും തൊഴിലവസരങ്ങൾ വർദ്ധിക്കും. കിസാൻ ക്രെഡിറ്റ് കാർഡ് മാതൃകയിൽ മത്സ്യത്തൊഴിലാളികൾക്കും സഹായം നൽകും. അഴിമതിക്കും അതിന് കൂട്ടു നിൽക്കുന്നവർക്കുമെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തുടക്കം

മലയാളത്തിൽ

'നമസ്കാരം, ഇത്തവണയും നിങ്ങളെ എല്ലാവരെയും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കേരളം സംസ്കാരിക വൈവിദ്ധ്യവും പാരമ്പര്യവും മനോഹരമായ പ്രകൃതിയും കൊണ്ട് അനുഗൃഹീതമാണ്' എന്ന് മലയാളത്തിലാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്.

ഓണക്കാലത്ത് കേരളത്തിലെത്താൻ സാധിച്ചത് തന്റെ സൗഭാഗ്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ,മുഴുവൻ മലയാളികൾക്കും ഓണാശംസയും നേർന്നു. ഓണക്കാലത്ത് പ്രത്യേകിച്ച് ഋഷിപഞ്ചമി ദിനത്തിൽ കേരളത്തിൽ എത്താനും ലോകത്തിന്റെ യശസ് ഉയർത്തുന്നതിന് അവതരിച്ച ശങ്കാരാചര്യരുടെ ജന്മക്ഷേത്രം സന്ദർശിക്കാനുമായത് വലിയ ഭാഗ്യമായി കരുതുന്നു. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യാ വൈകുണ്ഡസ്വാമി, മഹാത്മാ അയ്യങ്കാളി തുടങ്ങിയവരെയും അദ്ദേഹം അനുസ്മരിച്ചു.

ബി.ജെ.പി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണനും പ്രധാനമന്ത്രിയെ അനുഗമിച്ചു. കസവുമുണ്ടും ജൂബയും ഉത്തരീയവും ധരിച്ചെത്തിയ പ്രധാനമന്ത്രിക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഓണക്കോടി സമ്മാനിച്ചു.

Advertisement
Advertisement