നിയമസഭ കയ്യാങ്കളി കേസ്; ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾക്ക് തിരിച്ചടി, വിചാരണ തുടരാമെന്ന് ഹൈക്കോടതി

Friday 02 September 2022 2:53 PM IST

കൊച്ചി: നിയമസഭ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾക്ക് തിരിച്ചടി. വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്നുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികൾ വിചാരണയ്ക്ക് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജിയിൽ ഈ മാസം 26ന് കോടതി വിശദമായ വാദം കേൾക്കും.

മുന്‍ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ശിവൻകുട്ടി ഉള്‍പ്പെടെയുള്ളവരാണ് വിചാരണ നേരിടാന്‍ പോകുന്നത്. ശിവൻകുട്ടിക്ക് പുറമെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ആദ്യം സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീല്‍ തള്ളിയ സുപ്രീം കോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്.