ഐ.എൻ.എസ് വിക്രാന്ത്: ചടങ്ങിൽ ക്ഷണിക്കാത്തതിൽ പരിഭവമില്ല- എ.കെ. ആന്റണി, ഇക്കാര്യത്തിൽ രാഷ്‌ട്രീയം കലർത്തേണ്ടതില്ല

Saturday 03 September 2022 12:26 AM IST

തിരുവനന്തപുരം: ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച ചടങ്ങിൽ ക്ഷണിക്കാത്തതിൽ പരിഭവമില്ലെന്ന് മുൻ പ്രതിരോധമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി കേരളകൗമുദിയോട് പറഞ്ഞു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ആന്റണി ടി.വി ചാനലിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ചടങ്ങ് തത്സമയം കണ്ടത്.

ഞങ്ങളൊക്കെ പഴയ ആൾക്കാരായില്ലേ, പുതിയ ആൾക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ സന്തോഷമാണെന്നും ചടങ്ങിന് ക്ഷണിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആന്റണി പറഞ്ഞു. കപ്പലിന് പേരിട്ടതും ആ പേര് കപ്പലിലെഴുതിയതും ഭാര്യ എലിസബത്താണ്. ഐ.എൻ.എസ് വിക്രാന്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചപ്പോൾ അത് നാടിനാകെ അഭിമാനമായി. ഇക്കാര്യത്തിൽ രാഷ്‌ട്രീയം കലർത്തേണ്ട ആവശ്യമില്ല. സർക്കാരുകൾ തുടർച്ചയാണ്. യു.പി.എ സർക്കാർ ചെയ്‌തുവച്ചതിന്റെ ബാക്കിയാണ് എൻ.ഡി.എ ചെയ്‌തതെന്നും ആന്റണി പറഞ്ഞു.

പ്രതിരോധമന്ത്രിയായിരിക്കേ 2009ലാണ് ആന്റണി ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. പ്രതിരോധമന്ത്രിയുടെ ഭാര്യ എന്ന നിലയിൽ 2013ൽ എലിസബത്ത് ആന്റണി കപ്പൽ നീറ്റിലിറക്കിയതിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഏത് പ്രതിസന്ധിയേയും നേരിടാനുള്ള കരുത്ത് നാവികസേനയ്‌ക്കുണ്ടാകണമെന്നായിരുന്നു നിർമ്മാണവേളയിൽ ഞാൻ നൽകിയിരുന്ന നിർദ്ദേശമെന്നും ആന്റണി പറഞ്ഞു.

നിർമ്മാണം ആരംഭിച്ചശേഷം ധാരാളം തടസങ്ങൾ നേരിട്ടിരുന്നു. റഷ്യയിൽനിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി ആദ്യം പാളി. പിന്നീട് ഡി.ആർ.ഡി.ഒയുടെ സാങ്കേതികസഹായത്തോടെ കപ്പൽനിർമ്മാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിച്ചു. ഗിയർബോക്‌സ് നിർമ്മിക്കുന്നതിലുണ്ടായ സാങ്കേതികതടസം ജർമ്മൻ സഹായത്തോടെയാണ് മറികടന്നത്. ചൈനയുടെ കടന്നുകയറ്റം ഇന്ത്യയ്‌ക്ക് വലിയ ഭീഷണിയാണ്. മൂന്നാമത്തെ യുദ്ധവാഹിനി കപ്പൽ നിർമ്മിക്കാനുള്ള അനുമതി നാവികസേനയ്‌ക്ക് എത്രയുംവേഗം നൽകണമെന്നും ആന്റണി ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയിൽ

നിറഞ്ഞ് ആന്റണി

കൊച്ചിയിൽ ഉദ്ഘാടനം നടക്കുമ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ കോൺഗ്രസ് പ്രൊഫൈലുകളിൽ ഐ.എൻ.എസ് വിക്രാന്തിന് വേണ്ടി എ.കെ. ആന്റണി നൽകിയ സംഭാവനകൾ വിവരിക്കുന്ന കുറിപ്പുകൾ നിറഞ്ഞിരുന്നു. ആന്റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണിയും ഫേസ്ബുക്കിൽ കുറിപ്പെഴുതി. എന്നാൽ, സമൂഹ മാദ്ധ്യമങ്ങളോട് കമ്പമില്ലാത്ത ആന്റണി വിക്രാന്തിന്റെ പേരിൽ കോൺഗ്രസ്-ബി.ജെ.പി സൈബർ ഗ്രൂപ്പുകളിൽ നടക്കുന്ന തർക്കമൊന്നും അറിഞ്ഞിരുന്നില്ല.

Advertisement
Advertisement