ഗൂഢാലോചനക്കേസിൽ ടീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം

Saturday 03 September 2022 12:44 AM IST
teesta setalvad

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഉന്നതർ ഗൂഢാലോചനയിൽ പങ്കെടുത്തതായുള്ള വ്യാജ രേഖകൾ ചമച്ചുവെന്ന കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ടീസ്ത സെതൽവാദിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് ടീസ്ത നൽകിയ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതുവരെ പാസ്പോർട്ട് വിചാരണക്കോടതിക്ക് കൈമാറണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ശനിയാഴ്ച ടീസ്തയെ അഹമ്മദാബാദിലെ വിചാരണക്കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇടക്കാല ജാമ്യം അനുവദിക്കാനാണ് നിർദ്ദേശം.

രണ്ടു മാസത്തിലേറെ ജയിലിൽ കഴിഞ്ഞുവെന്നതിനാൽ ചോദ്യം ചെയ്യാനായി ആവശ്യമായ സമയം ലഭിച്ചുവെന്നതും വനിതയെന്നതും കണക്കിലെടുത്താണ് ഇടക്കാല ജാമ്യം അനുവദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിലും തുടർന്ന് ജുഡിഷ്യൽ കസ്റ്റഡിയിലുമാണ് ടീസ്ത. ജാമ്യത്തിൽ വിട്ടയയ്ക്കണമോയെന്നത് തങ്ങൾ പരിഗണിക്കുന്നില്ല. വിഷയം ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതി പറഞ്ഞു. സ്ഥിരം ജാമ്യത്തിനായി ടീസ്ത നൽകിയ ഹർജിയിൽ സെപ്തംബർ 19ന് ഗുജറാത്ത് ഹൈക്കോടതി വാദം കേൾക്കും. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്.

Advertisement
Advertisement