നടുറോഡിൽ പോലും ലഹരി വിളയാട്ടം; സംഘത്തിലെ വിദ്യാർത്ഥിനിക്ക് ക്രൂരമർദ്ദനം

Saturday 03 September 2022 12:49 AM IST

തിരുവനന്തപുരം: നഗരത്തിലെ കോളേജിലെ ഓണാഘോഷത്തിന്റെ ലഹരിയിലായിരുന്ന ഒരു സംഘം

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു സമീപത്ത് ഇന്നലെ ഉച്ചയോടെ സഹപാഠിയായ പെൺകുട്ടിയെ നിലത്തിട്ട് ചവിട്ടി. കൂട്ടത്തിലെ പെൺകുട്ടി കാഴ്ചക്കാരിയായി. പിടിച്ചുമാറ്റാനെത്തിയ ഓട്ടോഡ്രൈവറെയും മറ്റും ഓടിച്ചുവിട്ടു. പരിസരബോധംപോലും നഷ്ടപ്പെട്ട വിദ്യാർത്ഥികൾ അരമണിക്കൂറോളം ഭീതി വിതച്ചു.

ആൺ-പെൺ വ്യത്യാസമില്ലാതെ, കോളേജ് ഹോസ്റ്റലുകളിൽ ലഹരി പാർട്ടി നടത്തിയും ലഹരിയുപയോഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചും കൂസലില്ലാതായ യുവതലമുറ പൊതുനിരത്തുകളിലും പ്രശ്നക്കാരാവുകയാണ്.

നാക്കിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റിക്കറുകളായും കഞ്ചാവ് പൊതികളായും കുത്തിവയ്ക്കാനുള്ള മരുന്നായും കോളേജുകളിലേക്ക് ഒഴുകുകയാണ് ലഹരി. അദ്ധ്യാപകരും മാനേജ്മെന്റും പകച്ചുനിൽക്കുന്നു. ദിവസങ്ങൾക്ക് മുൻപ് എം.ഡി.എം.എയുമായി തൊടുപുഴയിൽ പിടിയിലായ പെൺകുട്ടി അലറിവിളിക്കുന്നത് കേരളത്തിന്റെ നൊമ്പരമായിരുന്നു.

സൗജന്യമായി ലഹരി നൽകി അടിമകളാക്കിയ വിദ്യാർത്ഥികളെ കാരിയർമാരും സഹപാഠികൾക്ക് ലഹരികച്ചവടം നടത്തുന്നവരുമായി മാറ്റുകയാണ്. ലഹരിയുടെ ഉന്മാദത്തിൽ വിദ്യാർത്ഥികൾ ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുന്നതും ഇവരെ കുറ്റകൃത്യങ്ങൾക്കുപയോഗിക്കുന്നതും പതിവായിട്ടുണ്ട്. എൻജിനിയറിംഗ്, മെഡിക്കൽ കോളേജുകളിലും ലഹരിമാഫിയ കടന്നു കയറിയിട്ടുണ്ട്. ഹോസ്റ്റലുകളിൽ കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യകേന്ദ്രങ്ങൾ പോലുമുണ്ട്.

ശക്തമായ നിയമനടപടി വേണം

ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല തീർത്തും പ്രതീകാത്മകമായി ലഹരി ഉത്പന്നങ്ങൾ കുഴിച്ചുമൂടിയും സർക്കാരിന് അറുത്തുമാറ്റാനാവില്ല ലഹരിമാഫിയയുടെ നീരാളിക്കൈകൾ

അതിശക്തമായ നിയമ നടപടികളാണ് ആവശ്യം.

'സ്വൈരജീവിതം തകർക്കാൻ അനുവദിക്കരുത്"എന്ന തലക്കെട്ടിൽ 2019 മാർച്ച് 21ന് കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖപ്രസംഗവും കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രന്റെ കത്തും പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കാമ്പസുകളിൽ മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിന് പ്രത്യേക പൊലീസ് സംവിധാനം ഏർപ്പെടുത്തണമെന്ന് ഉത്തരവിട്ടിരുന്നു. യു.ഡി.എഫ് സർക്കാർ കാമ്പസ് പൊലീസ് എന്ന സംവിധാനം ആലോചിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു. പ്രിൻസിപ്പൽമാരടങ്ങിയ വെർച്വൽ പൊലീസ്, എക്സൈസ് യൂണിറ്റുകൾ രൂപീകരിക്കാനും വിദ്യാർത്ഥികളെ ലഹരിമരുന്നിന്റെ ഉപഭോഗം കണ്ടെത്താനുള്ള കിറ്റുപയോഗിച്ച് പരിശോധിക്കാനും ആഭ്യന്തരസെക്രട്ടറിയായിരുന്ന ടി.കെ. ജോസ് ഉത്തരവിറക്കിയെങ്കിലും ഒന്നും നടന്നില്ല.

ഒന്നരവർഷത്തിനിടെ, 21വയസിൽ താഴെയുള്ള 3933പേരെയാണ് ലഹരിവിമുക്തകേന്ദ്രത്തിലയച്ചത്. 40ശതമാനവും 18 വയസിൽ താഴെയുള്ളവരാണ്. ഇക്കൊല്ലം ആദ്യ ആറുമാസം 21വയസിൽ താഴെയുള്ളവർ പ്രതികളായ 389കേസുകളുണ്ട്.

കേസുകൾ

2020-------------4,650

2021-------------5,334

2022-------------16,128

(ആഗസ്റ്റ് വരെ)

അറസ്റ്ര്

2020-------------5,674

2021-------------6,704

2022-------------17,834

ഇക്കൊല്ലം പിടികൂടിയത്

കഞ്ചാവ്.......................1,340കിലോ

എം.ഡി.എം.എ...........6.7കിലോ

ഹാഷിഷ് ഓയിൽ......23.4കിലോ

75കോടി

അഞ്ചുവർഷത്തിനിടെ എക്സൈസ്

പിടിച്ച എം.ഡി.എം.എയുടെ മൂല്യം

`എല്ലാവിഭാഗം ജനങ്ങളെയും ലഹരിക്കെതിരായ യുദ്ധത്തിൽ അണിനിരത്തും."

-പിണറായി വിജയൻ

മുഖ്യമന്ത്രി

Advertisement
Advertisement