കെട്ടിട നമ്പർ തട്ടിപ്പ്: ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി

Saturday 03 September 2022 12:02 AM IST

കോഴിക്കോട് : കോർപ്പറേഷൻ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സസ്‌പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥരിൽ നാലു പേരെ തിരിച്ചെടുത്തത്. ആയിരക്കണക്കിന് കെട്ടിടങ്ങൾക്കാണ് അനധികൃതമായി നമ്പർ നൽകിയത്. കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും കൗൺസിലർമാരും അടങ്ങുന്ന മാഫിയയാണ് ക്രമക്കേടിന് പിന്നിൽ.

14ഓളം കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചുവെങ്കിലും യാതൊരു പുരോഗതിയുമുണ്ടായില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി തുടർസമരം നടത്തും. ആഗസ്ത് 12 ന് പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഗുരുതര വീഴ്ചയ്ക്ക് കാരണക്കാരിയായ കോർപ്പറേഷൻ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണം. അഴിമതിക്ക് കൂട്ടുനിൽക്കുന്ന കൗൺസിലർമാരുടെ വീട്ടുപടിക്കൽ സമരം നടത്തും. 14 മുതൽ കോർപ്പറേഷനിലും സത്യഗ്രഹസമരം ആരംഭിക്കും. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, കൗൺസിലർമാരായ അനുരാധ തായാട്ട് , ടി. രനീഷ് , രമ്യ സന്തോഷ് എന്നിവരും പങ്കെടുത്തു.

Advertisement
Advertisement