ഓണം ഉണ്ണാൻ ഇളമ്പളളൂർ കുത്തരി എത്തി

Saturday 03 September 2022 1:09 AM IST
ഇളമ്പളളൂർ കുത്തരി

കൊല്ലം: ഓണ വിപണിയിൽ പ്രിയമേറി ഇളമ്പളളൂർ കുത്തരിയും പച്ചരിയും. ഗ്രാമപഞ്ചായത്തിലെ തരിശുകിടന്ന അഞ്ച് ഏക്കർ പാടത്ത് കൃഷി ചെയ്‌തെടുത്ത 3000 കിലോ അരിയാണ് വില്പനയ്ക്ക് ഒരുങ്ങിയത്. ഇളമ്പളളൂർ കാർഷിക വികസന സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് തരിശുപാടത്ത് ക്യഷിയിറക്കിയതും നെല്ല് സംഭരിച്ച്,​ ചമ്പക്കുളത്തെ മില്ലിൽ അരിയാക്കി വില്പനക്ക് സജജമാക്കിയതും. കൃഷി വകുപ്പിന്റെ സഹായം സംഘത്തിന് ലഭിച്ചിരുന്നു. കർഷകരെ സംഘടിപ്പിച്ച് ഗ്രൂപ്പുകൾ രൂപീകരിച്ച് കൃഷി ആരംഭിക്കുകയായിരുന്നു. വിപണിയിലിറക്കിയ കുത്തരിയുടെ ആദ്യ വില്പന മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചിരുന്നു.

അഞ്ച് ഏക്കറിൽ വീണ്ടും കൃഷിയിറക്കിയ മണിരത്നം നെല്ല് കൊയ്യാൻ പാകമായി വരുന്നു. അടുത്ത വർഷം 10 ഏക്കറിൽ നെൽകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സംഘത്തിന്റെ നേത്യത്വത്തിൽ ആരംഭിച്ച വിപണന മേളയിൽ ഇളമ്പളളൂർ കുത്തരിക്കാണ് പ്രിയം. ഓണ വിപണിയുടെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ടി. സി. വിജയൻ നിർവഹിച്ചു. ബോർഡ് അംഗങ്ങളായ ജെ. മുരളീധരൻ പിളള, സുധീഷ് കുമാർ, ബി. മധുസൂദനൻ പിളള, കിഷോർ, സെക്രട്ടറി പി. വി.അനീഷ്യ, ജയകുമാരി എന്നിവർ സംസാരിച്ചു.

..........................................

സ്റ്റോക്ക് : 3000 കിലോകുത്തരി,​ 1000 കിലോപച്ചരി

വില്പന : 10, 5 കിലോ വീതം തുണിസഞ്ചികളിൽ

വില: കുത്തരിക്ക് കിലോ 60 രൂപ,​ പച്ചരിക്ക് 50.

.........................................

തരിശുകൃഷി പ്രോത്സാഹനം, കർഷകർക്ക് ന്യായമായ വില

ലഭ്യമാക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ടി. സി. വിജയൻ,

സംഘം പ്രസിഡന്റ്

Advertisement
Advertisement