ഓണാഘോഷപരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ദുൽക്കറും അപർണാബാലമുരളിയും വിശിഷ്ടാതിഥികൾ

Sunday 04 September 2022 12:00 AM IST

തിരുവനന്തപുരം:രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 6ന് വൈകിട്ട് 5ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ കലാമണ്ഡലം ശിവദാസിന്റെയും സംഘത്തിന്റെയും ഇലഞ്ഞിത്തറമേളത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും ആഘോഷ കമ്മിറ്റി ചെയർമാൻ മന്ത്രി വി. ശിവൻകുട്ടിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരിക ഘോഷയാത്രയോടും സെൻട്രൽ സ്റ്റേഡിയത്തിൽ കേരളകൗമുദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം എക്സ്‌ട്രീം 2022 മെഗാഷോയോടും കൂടി 12ന് സമാപിക്കും.

സിനിമാതാരം ദുൽക്കർ സൽമാൻ, ദേശീയ പുരസ്കാര ജേതാവ് അപർണാ ബാലമുരളി എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥികളാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,​ മന്ത്രിമാർ,എം.എൽ.എമാർ തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം വിജയ്‌യേശുദാസ്, റിമിടോമി എന്നിവർ നയിക്കുന്ന ഗാനമേള നടക്കും.

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെയുണ്ടായിരുന്ന വൈദ്യുതി ദീപാലങ്കാരങ്ങൾ ഇത്തവണ വെള്ളയമ്പലം മുതൽ ശാസ്തമംഗലം വരെയും കോവളത്തേക്കും നീട്ടിയതായും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഏഴ് ദിവസംമാത്രമുണ്ടായിരുന്ന വൈദ്യുതി ദീപാലങ്കാരങ്ങൾ ഇത്തവണ 12 ദിവസമാക്കിയിട്ടുണ്ട്. കോവളം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ സെൽഫിപോയിന്റുകളായി ഇത് മാറിക്കഴിഞ്ഞു. നഗരത്തിലും പുറത്തുമായി 32 വേദികളിലാണ് ഇത്തവണത്തെ ഓണാഘോഷം. കോവളം ക്രാഫ്റ്റ് വില്ലേജ്, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവിടങ്ങളും ഇത്തവണ ഓണാഘോഷവേദികളാണ്. സെൻട്രൽ സ്റ്റേഡിയത്തിൽ പത്ര ദൃശ്യമാദ്ധ്യമങ്ങളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ.

ക്രമസമാധാന പാലനത്തിനായി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും 250 പേരടങ്ങുന്ന വോളന്റിയേഴ്സിനെ പ്രത്യേക പരിശീലനം നൽകി നിയോഗിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.

Advertisement
Advertisement