കുടുംബവഴക്ക് : യുവതിയും മക്കളും കിണറ്റിൽ ചാടി, മകൻ മരിച്ചു

Sunday 04 September 2022 12:00 AM IST

ഏരൂർ: കുടുംബവഴക്കിനെ തുടർന്ന് യുവതിയും രണ്ട് മക്കളും കിണറ്റിൽചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു, മകൻ മരിച്ചു. അയിലറ ഇരണൂർ കരിക്കം രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ സുജാത (42), മക്കളായ അഖിൽ (21), ആര്യ (14) എന്നിവരാണ് കിണറ്റിൽ ചാടിയത്. പരിക്കേറ്റ അമ്മയെയും മകളെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിണറ്റിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചുകയറിയ സുജാത,​ ബഹളം വച്ച് ആളുകളെ കൂട്ടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കിണറിലെ പൈപ്പിൽ തൂങ്ങിക്കിടന്ന ആര്യയെ രക്ഷപ്പെടുത്തി. എന്നാൽ മുങ്ങിപ്പോയ അഖിലിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. സംഭവ സമയത്ത് രാജേഷ് വീട്ടിലുണ്ടായിരുന്നില്ല.

ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. രാജേഷിന്റെ രണ്ടാം ഭാര്യയാണ് സുജാത. സുജാതയുടെ ആദ്യ വിവാഹത്തിലെ മക്കളാണ് അഖിലും ആര്യയും.സെക്യൂരിറ്റി ജീവനക്കാരനായ രാജേഷും ഭാര്യയും കലഹം പതിവായിരുന്നു.

50 അടി താഴ്‌ചയും 15 അടിയോളം വെളളവുമുളള കിണറ്റിൽ നിന്ന് പരസഹായമില്ലാതെ സുജാത എങ്ങനെ കരയിലെത്തി എന്നത് ദുരൂഹമാണ്. സുജാതയെയും മകളെയും ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിവാകൂവെന്ന് ഏരൂർ പൊലീസ് പറഞ്ഞു.