ശുചിത്വ സാഗരം സുന്ദരതീരം: വിദ്യാർത്ഥി പങ്കാളിത്തം ശ്രദ്ധേയം

Sunday 04 September 2022 12:03 AM IST

വൈപ്പിൻ: കടലും കടലോരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്ന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരദേശ മേഖലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന, പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരം എടവനക്കാട് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 304 വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ. പി വിഭാഗത്തിനു നടത്തിയ ചിത്ര രചന മത്സരത്തിൽ 148 പോസ്റ്റർ നിർമ്മാണ മത്സരത്തിൽ യു. പി. വിഭാഗത്തിലെ 98 ഹൈസ്‌കൂൾ വിഭാഗത്തിൽ 58 വിദ്യാർത്ഥികളാണ് ഭാഗഭാക്കായത്. മത്സരോദ്ഘാടന സമ്മേളനത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത്, ആർട്ടിസ്റ്റ് കെ. കെ. ശശി, ഫിഷറീസ് ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, എക്സ്റ്റൻഷൻ ഓഫീസർ കെ. ഡി. രമ്യ എന്നിവർ പ്രസംഗിച്ചു.