ഹെറോയിൻ കടത്ത്: പ്രതികളുടെ അമ്മയുടെ നിവേദനം പരിഗണിക്കാൻ ഡി.ആർ.ഐക്ക് നിർദ്ദേശം

Sunday 04 September 2022 12:00 AM IST

കൊച്ചി: മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് 1526 കോടിയുടെ ഹെറോയിൻ പിടികൂടിയ കേസിൽ മക്കൾ നിരപരാധികളാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് ഒന്നും രണ്ടും പ്രതികളായ ഡിസൺ,ജിംസൺ എന്നിവരുടെ അമ്മ നൽകിയ നിവേദനം ഒരു മാസത്തിനകം പരിഗണിക്കാൻ ഡി.ആർ.ഐ ഡയറക്ടർ ജനറലിന് ഹൈക്കോടതി നിർദ്ദേശം നൽകി. പൂന്തുറ പുതിയ ഫിഷർമെൻ കോളനിയിലെ വൽസല നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്റെ നിർദ്ദേശം.

മേയ് 18നാണ് ലക്ഷദ്വീപിനു സമീപം ലിറ്റിൽ ജീസസ്,പ്രിൻസ് എന്നീ ബോട്ടുകളിൽ നിന്ന് 218 കിലോ ഹെറോയിൻ പിടികൂടിയത്. ഇരു ബോട്ടുകളിലുമുണ്ടായിരുന്ന 20 പേരെ അറസ്റ്റു ചെയ്തിരുന്നു. പ്രതികളുടെ മൊഴിയെത്തുടർന്ന് ബോട്ടുടമകളായ ക്രിസ്‌പെൻ,അർബത്ത് അലി,ഫൈസൽ റഹ്മാൻ എന്നിവരെയും ബാലകൃഷ്‌ണൻ പെരിയസ്വാമി പിള്ള എന്നയാളെയും അറസ്റ്റ് ചെയ്തു. ഇവർ ജയിലിൽ വച്ച് മക്കളെ ഭീഷണിപ്പെടുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ടിന് പരാതി നൽകിയെന്നും ഹർജിയിൽ പറയുന്നു. മക്കളെ വിയ്യൂർ ജയിലിലേക്ക് മാറ്റണം. ലഹരിമരുന്നു കടത്തിൽ പങ്കുള്ള ബോട്ടുടമകൾക്കെതിരെ കാര്യമായ അന്വേഷണം നടത്തുന്നില്ല. കേസിൽ നിഷ്പക്ഷമായ അന്വേഷണത്തിന് സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ആർ.ഐ ഡയറക്ടർ ജനറലിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. തുടർന്നാണ് നിവേദനം പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.