കളങ്കിതനായ മേൽശാന്തിയെ മാറ്റണമെന്ന് ദേവസ്വം സംഘടന

Sunday 04 September 2022 12:00 AM IST

കൊച്ചി: കാണിക്കവഞ്ചിയിൽ നിന്ന് പണം മോഷ്ടിച്ചതിനും സ്വഭാവദൂഷ്യത്തിനും നടപടി നേരിട്ട കോട്ടയം സ്വദേശി കെ.എൻ. അനിൽകുമാർ പമ്പ ഗണപതിക്ഷേത്രം മേൽശാന്തിയായി വെള്ളിയാഴ്ച ചുമതലയേറ്റു. ഇദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ദേവസ്വം പ്രസിഡന്റിന് പരാതി നൽകി. അനിൽകുമാറിനെ ശബരിമല, മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെടുത്തരുതെന്ന് ദേവസ്വം വിജിലൻസ് എസ്.പി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയുടെ പകർപ്പും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

2016ൽ കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കെ പണം മോഷ്ടിച്ചതിനും 2009ൽ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തിൽ പുറപ്പെടാശാന്തിയായിരിക്കെ സ്വഭാവദൂഷ്യത്തിനും അനിൽകുമാർ അച്ചടക്ക നടപടി നേരിട്ടിരുന്നു. കോട്ടയം സംഭവത്തിൽ ദേവസ്വം കമ്മിഷണർ സ്വീകരിച്ച അച്ചടക്ക നടപടി ദേവസ്വം ബോർഡ് ഭരണസമിതി ഇടപെട്ട് മരവിപ്പിച്ചാണ് പമ്പ ക്ഷേത്രം മേൽശാന്തി പട്ടികയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയത്.