അനുഭൂതി പൂക്കുന്ന സ്വരലയ പൂർണിമ

Sunday 04 September 2022 12:54 AM IST

നാലു പതിറ്റാണ്ട് മുമ്പാണ് തിരുവലങ്ങാട് വെമ്പു അയ്യർ ശങ്കരനാരായണൻ എന്ന ടി.വി. എസിന്റെ സംഗീതക്കച്ചേരി ആദ്യമായി കേട്ടത്. ബാംഗ്ളൂരിൽ നിന്ന് ആർ.കെ. ശ്രീകണ്ഠനും, ചെന്നൈയിൽ നിന്ന് തൃശൂർ വി. രാമചന്ദ്രനും തുടർന്നുള്ള ദിവസങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. ഒാരോ കച്ചേരിയും വളരെ ആസ്വാദ്യമായിരുന്നു. വയലിനിൽ എം.എസ്. ഗോപാലകൃഷ്ണനും, മൃദംഗത്തിൽ ഉമയാൾ പുരം ശിവരാമനും. ആനന്ദലബ്‌ധിക്കിനി എന്തുവേണം? എന്നാൽ ഇന്നലെ ടി.വി. എസ്. നമ്മെ വിട്ടുപിരിഞ്ഞതിന്റെ നഷ്ടബോധമാണ് ചുറ്റും പരക്കുന്നത്.

വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും കൂടാതെ ധാരാളം കച്ചേരികൾ അവതരിപ്പിക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്. മക്കളും ശിഷ്യരുമായ അമൃത ശങ്കര നാരായണനും , മഹാദേവൻ ശങ്കര നാരായണനും തന്റെ സംഗീതപാത മുന്നോട്ടു കൊണ്ടുപോകാൻ പ്രാപ്തരായതും ടി.വി. എസ്. സംതൃപ്തിയോടെ പറയുമായിരുന്നു.

മുത്തുസ്വാമി ദീക്ഷിതരുടെ അതിപ്രശസ്ത രചനയായ `മീനാക്ഷി മേ മുദം' പല കച്ചേരികളിൽ ടി.വി.എസ്. ആലപിച്ചിട്ടുണ്ട്. പൂർവ്വികല്യാണി രാഗത്തിലെ (ഗമകക്രിയ എന്ന് കൂടി വിളിപ്പേരുണ്ട് ) ഗമക സമ്പന്നമായ ഇതിന്. ടി.വി.എസ് പരിചരണം ആവർത്തിച്ച് ലഭിക്കാൻ പല കാരണങ്ങളുണ്ട്.

`ഭൈരവി' രാഗത്തിലെ `വിരിബോണി' ആസ്വാദകർ കൊതിക്കുന്ന രചനയാണല്ലോ. ചെന്നൈ `പാർത്ഥസാരഥി സംഗീതസഭ'യിൽ ടി.വി.എസിന്റെ കച്ചേരി യാദൃച്ഛികമായാണ് കേട്ടത്. അന്നുരാത്രി തീവണ്ടിയിൽ എനിക്ക് യാത്രയുണ്ടായിരുന്നു. മൃദംഗത്തിൽ ഉമയാൾപുരമായിരുന്നു. അദ്ദേഹവുമായുള്ള പരിചയത്തിൽ 'വിരിബോണി"യിൽ തുടങ്ങിയാൽ അതുകേട്ട സംതൃപ്തിയിൽ റെയിൽവേ സ്റ്റേഷനിലേക്ക് (കച്ചേരി പകുതിയാകുമ്പോൾ) പോകുമായിരുന്നു എന്ന് സൂചിപ്പിച്ചു. ടി.വി.എസ് സമ്മതിച്ചു.അന്നു തുടങ്ങിയ സൗഹൃദമാണ്.

ഡൽഹിയിലെ ഒരു കച്ചേരിക്കു മുമ്പ്, ഏതെങ്കിലും കൃതി നിർദ്ദേശിക്കാനുണ്ടോ എന്ന് ടി.വി.എസ് ചോദിച്ചു. കാപാലി പാടിയാൽ സന്തോഷം എന്ന് പെട്ടെന്ന് ഞാൻ പ്രതികരിച്ചു. ടി.വി.എസിന്റെ ബന്ധുവും ഗുരുവുമായ മധുര മണി അയ്യർ മധുരമായി പാടിയ റെക്കോർഡുകൾ ഒരുപാടുതവണ കേട്ടിരുന്നു. അനന്തരവൻ അത് എങ്ങനെ ആവിഷ്കരിക്കുമെന്ന് അറിയാനുള്ള കൗതുകം മൂലമാണ് അങ്ങനെ പറഞ്ഞത്.

ആ കച്ചേരിയിൽ മോഹനം വിസ്തരിച്ച് അവതരിപ്പിച്ചിട്ടാണ് പാപനാശം ശിവന്റെ കാപാലി ടി.വി.എസ് സ്നേഹവായ്പോടെ ധ്യാനിക്കാനായി ആരംഭിച്ചത്. ഖണ്ഡന വിമർശനത്തിൽ അപൂർവ താത്പര്യമുള്ള സുബ്ബുഡു മുതൽ ഡൽഹിയിലെ എല്ലാ സംഗീത നിരൂപകരും പ്രശംസിച്ച മോഹനരാഗ ആലാപനമായിരുന്നു അന്നത്തെ കച്ചേരിയിൽ. പിന്നീട് അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ കാപാലിയുടെ അവതരണത്തിനും കച്ചേരിക്കും ലഭിച്ച മികച്ച നിരൂപക പ്രശംസയെക്കുറിച്ച് ഞാൻ വിവരിച്ചു. താങ്കൾക്കം സ്വരലയയ്ക്കുമാണ് ആ അഭിനന്ദനങ്ങളുടെ അവകാശം എന്നായിരുന്നു ടി.വി.എസിന്റെ പ്രതികരണം.‌

പ്രിയ ടി.വി.എസിന് വിട....