ആനവണ്ടിയിലെ ചതുരംഗപ്പാറ യാത്രയ്ക്ക് ശുഭാരംഭം

Sunday 04 September 2022 12:54 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സി ഓണസമ്മാനമായൊരുക്കുന്ന ചതുരംഗപ്പാറ യാത്രയ്ക്ക് ആവേശത്തുടക്കം. കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആദ്യ സർവീസ് ആന്റണി ജോൺ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു.


രണ്ട് ബസുകളിലായി 80പേരാണ് ആദ്യ ദിവസം മലയിടുക്കുകളുടെ മനോഹാരിത കാണാനെത്തിയത്. ജില്ലയ്ക്ക് പുറത്ത് നിന്നും യാത്രക്കാരെത്തി. എറണാകുളം, പറവൂർ, ആലുവ, കാലടി, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരായിരുന്നു ഏറെയും.

മലമുകളിലെ കാറ്റാടിപ്പാടത്തും, വ്യൂ പോയിന്റിലുമെത്തിയപ്പോൾ യാത്രക്കാർ ഏറെ സന്തോഷത്തിലായി.

അടിവാരക്കാഴ്ചയും തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും ബോഡിനായ്ക്കന്നൂർ, തേവാരം ,കൊച്ചു തേവാരം അണക്കരമെട്ട്, പുഷ്പക്കണ്ടം, മാൻകുത്തി മേട് തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരദൃശ്യങ്ങളും ഏറെ ആസ്വദിച്ചാണ് സംഘം മടങ്ങിയത്.


രാജകുമാരി, രാജാക്കാട്, പൊൻമുടി ഡാം, കല്ലാർകുട്ടി ഡാം, പനംകുട്ടി, ലോവർ പെരിയാർ, നേര്യമംഗലം വഴി രാവിലെ ഒൻപതിന് പുറപ്പെട്ട സംഘം രാത്രി 9.30ന് തിരികെ കോതമംഗലത്ത് എത്തി.

ഇന്നുമുണ്ട് ട്രിപ്പ്
അവധി ദിനങ്ങൾ ഉന്നംവെച്ച് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ നടത്തുന്ന യാത്ര ഇന്നും തുടരും. നിരവധിപ്പേർക്കാണ് ഇന്നലത്തെ യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കാതെ പോയതെന്നും ഇവർക്കായി അടുത്ത ദിവസങ്ങളിൽ യാത്ര നടത്തുമെന്നും അധികൃതർ അറിയിച്ചു. അവധി ദിനങ്ങളാണ് ലക്ഷ്യമെങ്കിലും യാത്രക്കാരെത്തിയാൽ ഇടദിവസങ്ങളിലും ട്രിപ്പ് നടത്തും.

Advertisement
Advertisement