ലളിതമായി പാടി ,ചിട്ടവട്ടങ്ങൾ കെെവിടാതെ
സംഗീതത്തെ ജീവിതവും ആഘോഷവുമാക്കി ജനങ്ങളെ പാടി രസിപ്പിച്ച സംഗീതവിദ്വാനാണ്, മധുരെെ മണി അയ്യരുടെ ശെെലി പിന്തുടർന്ന ടി.വി. ശങ്കരനായരായണൻ. സംഗീതത്തിൽ സങ്കീർണത ഒഴിവാക്കി ലളിതമായി പാടിയപ്പോഴും ചിട്ടവട്ടങ്ങൾ കെെവിട്ടില്ല. മെലഡി പൂത്തുലയുന്ന അദ്ദേഹത്തിന്റെ ശെെലി സംഗീതപ്രേമികൾക്ക് പ്രിയങ്കരമായിരുന്നു.
സംഗീതത്തിലെ കണക്കുകൾ നോക്കാതെയുള്ള പാട്ട് വളരെ ലളിതമെന്ന് തോന്നുമെങ്കിലും അകത്ത് അതീവ സാന്ദ്രമായിരുന്നു. തന്റെ സംഗീതത്തിൽ അളക്കാനാവാത്ത ആഴവും ഗാഭീര്യവും അദ്ദേഹം നിലനിറുത്തി. തുറന്നു പാടും. ഒതുക്കിപ്പാടിയില്ല. മെെക്ക് വേണമെന്നില്ല. തുറന്നു പാടുമ്പോഴും ഭാവപൂർണ്ണിമ നിലനിറുത്തി. ആ മികവ് വിസ്മയകരവും മലയാളിക്ക് പ്രിയങ്കരവുമാണ്. മിക്ക ക്ഷേത്രങ്ങളിലും പാടിയിട്ടുമുണ്ട്.
മധ്യമകാല താളങ്ങളിലും ദ്രുതകാലത്തിലുമാണ് പാടിയത്. മണിക്കൂറുകൾ തുടർച്ചയായി പാടിയാലും മടുപ്പില്ലാതെ കേൾക്കാം. ഹിന്ദോളവും ഹംസാനന്ദിയുമാണ് പ്രിയരാഗങ്ങൾ. തന്റെ രണ്ടു കെെകൾ പോലെയാണ് ഇൗ രാഗങ്ങളെന്നും എപ്പോൾ പാടിയാലും ഇവയുടെ ഭാവം വരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സംഗീതക്കച്ചേരിയെ നയിക്കുന്നതിലുമുണ്ട് തനത് രീതി. ആസ്വാദകരെ പങ്കാളികളാക്കി എങ്ങനെ രസിപ്പിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആളുകൾക്ക് വിരസത തോന്നാതെ രാഗവും ശ്രുതിയും സ്വരവും സമന്വയിപ്പിച്ചു. എല്ലാ കച്ചേരികളിലും അഒരു വിരുത്തം (ശ്ളോകം) ഒരേ രാഗത്തിലും പല രാഗങ്ങൾ സമന്വയിപ്പിച്ചും അർത്ഥമറിഞ്ഞ് പാടുമായിരുന്നു. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന്... ആ സംഗീതധാര ഒഴുകി. ഇതിനുള്ള ഉൗർജ്ജം വിസ്‌മയമാണ്. ആളുകളുടെ കെെയടി നേടാൻ പാട്ടിൽ പ്രകടനപരത കൊണ്ടുവന്നില്ല. അദ്ദേഹത്തിന്റെ വിയോഗം ദക്ഷിണേന്ത്യൻ സംഗീതത്തിന് തീരാനഷ്ടമാണ്.