തോടുകളിൽ കൈയേറ്റം വ്യാപകം, വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാൻ സാദ്ധ്യതയെന്ന് വിലയിരുത്തൽ
മല്ലപ്പള്ളി : താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ തോടുകൾ സ്വകാര്യ വ്യക്തികൾ കൈയേറ്റം ചെയ്തത് പ്രധാനമായും പ്രളയ സമാനമായ വെള്ളക്കെട്ടിന് കാരണമായെന്ന് വിലയിരുത്തൽ. വെണ്ണിക്കുളം - തടിയൂർ റോഡിലും ,വെണ്ണിക്കുളം - വാളക്കുഴി റോഡിന് സമീപത്തെ തോടിന്റെ പല ഭാഗങ്ങളിലെ വീതി രണ്ട് അടിയിൽ താഴെയാണ്. ഇവിടെ 20 കടകളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശം ഉണ്ടായി. സെന്റ് ബഹനാൻസ് സ്കൂളിന്റെ ശുചി മുറികളും വലിയ തോടിന്റെ സംരക്ഷണഭിത്തിയും തകർന്നിരുന്നു. എഴുമറ്റൂരിലും സ്ഥിതി വിഭിന്നമല്ല .ജംഗ്ഷന് സമീപത്തെ പ്രധാന തോടുകൾ എല്ലാം കൈയേറ്റത്തിൽ ഉൾപ്പെട്ടതിനാൽ മഴ ചെയ്താൽ റോഡിലൂടെ വെള്ളം ഒഴുകുന്ന സ്ഥിതിയാണ്. ഇവിടെ മൂന്ന് വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി. എഴുമറ്റൂർ കൊറ്റൻ കുടി വേങ്ങഴയിലെ രണ്ട് മുറി കടയും മാടവും മലവെള്ളം കവർന്നു. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇവിടുത്തെ 8 മീറ്ററിന് മുകളിൽ വീതിയുണ്ടായിരുന്ന തോടുകൾ പലതും ഇന്ന് ഓർമ്മകൾ മാത്രമാണ്.
ചുങ്കപ്പാറയിലെ തോട്ടിലും കൈയേറ്റം
ചുങ്കപ്പാറയിലെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമായതും ഊരുകുഴി തോട്ടിലെ കൈയേറ്റമാണ്. ഇവിടെ 45 കടകളിലെ സാധനങ്ങൾ മലവെള്ളം കവർന്നത്. കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 10 മീറ്റർ വിതിയിലുള്ള തോടിന്റെ പലഭാഗങ്ങളിലും 4 മീറ്ററിൽ താഴെയാണ്.ഈ സ്ഥിതി തുടർന്നാൽ മണിക്കൂർ നിന്നു പെയ്യുന്ന മഴയിൽ വീണ്ടും താലൂക്കിലെവിവിധ പ്രദേശങ്ങൾ വെള്ളത്തിലാകുമെന്നാണ് വിലയിരുത്തൽ.റവന്യു അധികാരികൾ അടക്കമുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.