മാവേലി വന്നു, (പാതാളത്തിൽ നിന്നല്ല, സൗദിയിൽ നിന്ന് )

Sunday 04 September 2022 12:33 AM IST

പത്തനംതിട്ട : അത്തപ്പൂക്കളം വിരിഞ്ഞതോടെ ഒാണതിമിർപ്പിലായ മലയോരനാട്ടിൽ മാവേലിയും എത്തി. പാതാളമെന്ന പതിവ് ഇടത്തുനിന്നല്ല ഇത്തവണ മാവേലി മന്നന്റെ വരവ്. കടൽ കടന്ന് അങ്ങ് സൗദി അറേബ്യയിൽ നിന്നാണ് അദ്ദേഹം എത്തിയത്. പത്തനംതിട്ട കളക്ടറേറ്റിലെത്തി കളക്ടർ ദിവ്യാ എസ് അയ്യരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരനുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഈ മാവേലി ആരെന്നല്ലേ ?...

മാരാമൺ നെടുമ്പ്രയാർ ചെറുവട്ടൂരിലെ ജേക്കബ് വർഗീസ്. മുപ്പത്തൊമ്പത് വർഷമായി സൗദി അറേബ്യയിൽ ബിസിനസ് ചെയ്യുകയായിരുന്നു. ഒരു വർഷമായി ഇപ്പോൾ നാട്ടിലുണ്ട്. സൗദിയിൽ ഓണാഘോഷം തുടങ്ങിയാൽ ജേക്കബ് ആണ് മാവേലി. രണ്ട് മാസത്തോളം ഓണം ആഘോഷമാണ് അവിടെ. ആദ്യം തമാശയായി സുഹൃത്തുക്കൾ നിർബദ്ധിച്ചപ്പോൾ മാവേലി വേഷം കെട്ടി. പിന്നീട് മുടങ്ങാതെ ഇരുപത് വർഷമായി ജേക്കബ് മാവേലിയായി. ഇതുകൊണ്ട് മാത്രം അവസാനിക്കുന്നുമില്ല. ക്രിസ്മസിന് ഫാദറായും ജേക്കബ് വർഗീസ് തന്നെയാണ് വേഷമിടുന്നത്. സൗദിയിൽ സംഘടനകളും അസോസിയേഷനുകളും നടത്തുന്ന ഓണാഘോഷത്തിൽ ജേക്കബ് പതിവായി എത്താറുണ്ട് മാവേലിയായി. വരുമാന മാർഗമായിട്ടല്ല ഇൗ വേഷപ്പകർച്ച. ജേക്കബിനും ഇപ്പോൾ ഈ വേഷങ്ങൾ ഏറെ ഇഷ്ടമാണ്. സ്വന്തമായി തന്നെയാണ് മേക്കപ്പിടുന്നതും.

ജില്ലാ പഞ്ചായത്തിലെ ഓണാഘോഷങ്ങൾക്കായി ഇന്നലെ മാവേലിയായി പത്തനംതിട്ടയിലെത്തിയതാണ് ജേക്കബ് വർഗീസ്.