ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയും

Sunday 04 September 2022 12:39 AM IST

പത്തനംതിട്ട : വ്യാപാരികളുടെ സഹകരണത്തോടെ ഓണക്കാലയളവിൽ പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, വിലവർദ്ധനവ് എന്നിവ തടയാൻ എ.ഡി.എം ബി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഓണക്കാലയളവിൽ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെയും പലചരക്ക് സാധനങ്ങളുടെയും സ്റ്റോക്ക് എല്ലാ മൊത്ത വ്യാപാരശാലകളിൽ നിലവിലുണ്ടെന്ന് യോഗം വിലയിരുത്തി. ആന്ധ്ര ജയ അരിക്ക് ബദലായി കർണാടകയിൽ നിന്ന് ഗുണമേൻമയുളള വെള്ള അരി ജില്ലയിൽ എത്തുന്നുണ്ട്. ഇതിനു പുറമേ പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും വിൽപ്പനശാലകൾ വഴി അരി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനാൽ ഓണക്കാലത്ത് വിലവർദ്ധനവ് ഉണ്ടാവില്ലെന്ന് മൊത്ത വ്യാപാരികൾ അറിയിച്ചു. നിലവിൽ ആവശ്യത്തിന് പലവ്യഞ്ജനങ്ങൾ സ്റ്റോക്കുളളതായി യോഗം വിലയിരുത്തി. മൊത്തവ്യാപാരികൾ യോഗത്തിൽ അറിയിച്ച ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഉറപ്പ് നൽകി. ഓണക്കാലയളവിൽ മൊത്തവ്യാപാരികൾ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവയിൽ ഏർപ്പെടരുതെന്നും അമിതവില ഈടാക്കാൻ പാടില്ലെന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിർദേശിച്ചു. യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ എം.അനിൽ, ജില്ലയിലെ മൊത്തവ്യാപാരികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.