സിവിക്ചന്ദ്രനെ അറസ്റ്റ് ചെയ്യാത്തത് വീഴ്ച : സി.എസ്.ചന്ദ്രിക

Sunday 04 September 2022 12:42 AM IST
അതിജീവിതമാർക്കൊപ്പം കോഴിക്കോട്' പ്രതിഷേധ സംഗമം സി.എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാത്തത് വീഴ്ചയാണെന്ന് എഴുത്തുകാരി സി.എസ്. ചന്ദ്രിക. 'അതിജീവിതമാർക്കൊപ്പം കോഴിക്കോട് ' പ്രതിഷേധസംഗമം അവർ ഉദ്ഘാടനം ചെയ്തു. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കേസായിട്ടുപോലും പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് അവർ ആരോപിച്ചു. ഇത്തരം പരാതികൾ നൽകുന്ന പെൺകുട്ടികളുടെ പേരും മുഖവും സാമൂഹിക ജീവിതവും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്ന് സി.എസ് ചന്ദ്രിക പറഞ്ഞു.

പീഡന പരാതികൾ നൽകുന്ന പെൺകുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യം വേണം. വനിതാഎഴുത്തുകാരുടെ പരാതികൾ പരിഹരിക്കുന്നതിനായി സാഹിത്യ അക്കാദമിയിൽ പരാതി പരിഹാര സംവിധാനം വേണമെന്ന് അവർ ആവശ്യപ്പെട്ടു. ചടങ്ങിൽ 'മീ ടു പ്രസ്ഥാനത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ ബിനിത തമ്പി പ്രഭാഷണം നടത്തി. കെ.അജിത, എച്ച്മുക്കുട്ടി, കെ. സുൽഫത്ത്, വിജി പെൺകൂട്ട്, ഷാഹിന.കെ. റഫീഖ്, എം.എ. ഷഹ്നാസ്, അഡ്വ. അബിജ എന്നിവർ പ്രസംഗിച്ചു.