ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ജില്ലാ സന്ദേശ യാത്ര

Sunday 04 September 2022 12:51 AM IST
jodo

കോഴിക്കോട്: ഭാരത് ജോഡോ യാത്രയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ സന്ദേശ യാത്ര സംഘടിപ്പിക്കും. ഈ മാസം 9ന് കുറ്റ്യാടിയിൽ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. പത്തിന് ശ്രീനാരായണ ജയന്തി പ്രമാണിച്ച് ഒഴിവാണ്. പതിനൊന്നിന് വേളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ 15ന് കുറ്റിച്ചിറയിൽ സമാപിക്കും. സമാപന സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും പ്രവർത്തകർ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. പ്രവർത്തകർ വീട് വീടാന്തരം കയറി കൂപ്പണുകൾ നൽകിയാണ് യാത്രയ്ക്കാവശ്യമായ ഫണ്ട് ശേഖരിക്കുക.

മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനത്തിനിരയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെക്യൂരിറ്റി ജീവനക്കാരനെ സന്ദർശിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറായിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാറും കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡി.വൈ. എഫ്.ഐ പ്രവർത്തകരെ ഭയന്നാണ് അവർ തയ്യാറാവാത്തത്. ഒരു മാദ്ധ്യമ പ്രവർത്തകന് ആശുപ്രത്രിയിൽ വച്ച് മർദ്ദനമേറ്റിട്ടും മുൻ മാദ്ധ്യമ പ്രവർത്തകയായ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിക്കാൻ തയാറായില്ല. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അവർ പറഞ്ഞു.