ഇന്റർവെൻഷണൽ കാർഡിയോളജി വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം

Sunday 04 September 2022 1:04 AM IST

കോഴിക്കോട്: സങ്കീർണ ഹൃദ്രോഗങ്ങൾ കൈകാര്യം ചെയ്യുന്ന ഹൃദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഒഫ് കേരള സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ വാർഷിക ശാസ്ത്ര സമ്മേളനത്തിന് തുടക്കമായി. ഹോട്ടൽ റാവിസ് കടവിൽ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. എൻ. പ്രതാപകുമാർ ഉദ്ഘാടനം ചെയ്തു.

കീ ഹോൾ ആക്‌സസ് വഴി ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്ന കാത്തിറ്റർ ചികിത്സകൾ ഇന്ന് ഹൃദയാഘാതത്തിന്റെ ഏറ്റവും ഫലപ്രദമായ അടിസ്ഥാന ചികിത്സാ രീതിയായി വികസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ആശുപത്രികളുടെ സേവനം സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങൾക്കും അരമണിക്കൂർ ദൂരത്തിൽ ഇന്ന് ലഭ്യമാണെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ഇ. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ മുന്നൂറിലധികം ഇന്റർവെൻഷണൽ കാർഡിയോളജി വിദഗ്ദ്ധരും ശാസ്ത്രജ്ഞരും ഗവേഷകരും അദ്ധ്യാപകരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.