ദേശീയപാത വികസനം പോസ്റ്റിൽ തട്ടി വീഴുമോ ?
കൊല്ലം: കെ.എസ്.ഇ.ബി നിലപാടിൽ അയവ് വരുത്താത്ത സാഹചര്യത്തിൽ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാതെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുറച്ച് കരാർ കമ്പനി. അതുകൊണ്ട് തന്നെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുതുതായി മണ്ണിട്ട് ഉയർത്തിയും മണ്ണ് നീക്കിയും സമതലപ്പെടുത്തുന്ന സ്ഥലങ്ങളിൽ പലയിടത്തും നടുവിലായിട്ടാണ് വൈദ്യുത തൂണുകളുടെ നിൽപ്പ്.
കെ.എസ്.ഇ.ബിയും ദേശീയപാത അതോറിട്ടിയും തമ്മിലുള്ള തർക്കം നിലനിൽക്കുന്നത് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നതിന് കാരണമായിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെയും കുടുംബങ്ങളെയും ഇത് വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പുതുതായി ഏറ്റെടുത്ത പ്രദേശങ്ങൾ നിരപ്പാക്കുന്നതിന് പുറമേ ഓട, കലുങ്ക് എന്നിവയുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. പോസ്റ്റുകൾ നീക്കാത്തതിനാൽ നിരപ്പാക്കിയ സ്ഥലങ്ങളിൽ ആദ്യ പാളി മെറ്റിൽ പാകാനാകാത്ത അവസ്ഥയാണ്. ഇതിനിടെ തുടർച്ചയായ മഴ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള യാത്ര ദുസഹമാക്കി. സമതലമാക്കിയ സ്ഥലങ്ങൾ ചെളിക്കെട്ടായും മാറി. പലയിടത്തും ചെളിവെള്ളം കുളം പോലെ കെട്ടിക്കിടക്കുകയാണ്.
തർക്കം രൂക്ഷം
വൈദ്യുതലൈനുകൾ, പോസ്റ്റുകൾ, കുടിവെള്ള പൈപ്പ് ലൈനുകൾ എന്നിവ മാറ്റിസ്ഥാപിക്കുന്നത് ഉൾപ്പെടുന്നതാണ് ദേശീയപാത നിർമ്മാണത്തിന്റെ കരാർ. ഇതിൽ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശത്ത് വൈദ്യുത ലൈനുകളും പോസ്റ്റുകളും മാറ്റാൻ 28 കോടിയുടെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി നൽകിയിരുന്നത്. സ്ഥലമെറ്റെടുപ്പിന്റെ ഭാഗമായി പൊളിച്ചുനീക്കിയ കെട്ടിടങ്ങളുടെ ബാക്കിഭാഗം നിലനിർത്തിയതോടെ വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കുമ്പോൾ ജനലുകളിലും വാതിലുകളിലും തട്ടുന്ന അവസ്ഥയായി. അതൊഴിവാക്കാൻ ഭൂഗർഭ കേബിൾ സ്ഥാപിക്കണമെന്നതാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. അത് കൂടി ഉൾപ്പെടുത്തി കെ.എസ്.ഇ.ബി നൽകിയ 41 കോടിയുടെ പുതിയ എസ്റ്റിമേറ്റ് അംഗീകരിക്കാൻ ദേശീയപാത അതോറിട്ടിയും കരാർ കമ്പനികളും തയ്യാറല്ല. കേബിളുകൾ വാങ്ങി നൽകിയാൽ സ്ഥാപിക്കാമെന്ന എൻ.എച്ച് വിഭാഗത്തിന്റെ നിർദ്ദേശം കെ.എസ്.ഇ.ബിയും അംഗീകരിച്ചിട്ടില്ല.
ഇടപെടാതെ ജില്ലാഭരണകൂടം
ജില്ലയിലെ ഏറ്റവും വലിയ വികസന പദ്ധതി പ്രതിസന്ധിയിലായിട്ടും പ്രശ്ന പരിഹാരത്തിന് കാര്യമായ ഇടപെടൽ ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മന്ത്രിതല ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്.